ന്യൂഡൽഹി: ഹാദിയയുടെ അന്തസ്സും സ്വാതന്ത്ര്യവും കോടതി അവഹേളനത്തിന് വിധേയമായതിൽ ജാള്യമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയക്കോ മറ്റാർക്കെങ്കിലുമോ മേലിൽ ഇത്തരമൊരു അനീതിയുണ്ടാകാൻ പാടില്ലെന്നും ഹാദിയ കേസിൽ പുറപ്പെടുവിച്ച വിശദമായ വിധിയിൽ സുപ്രീംകോടതി ഒാർമിപ്പിച്ചു. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള അന്വേഷണവും പാടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച് വല്ല കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവുമായി എൻ.െഎ.എക്ക് മുന്നോട്ടുപോകാമെന്നും വിധിച്ചു. ഹേബിയസ് കോർപസ് ഹരജിയിൽ വിവാഹം അസാധുവാക്കുക വഴി കേരള ഹൈകോടതി അമിതാധികാരമാണ് പ്രയോഗിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.
സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് രണ്ട് വിധിപ്രസ്താവമാണ് ഹാദിയ കേസിലിറക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖൻവിൽകറും ചേർന്ന് പുറപ്പെടുവിച്ച വിധിന്യായത്തെ അംഗീകരിച്ചുകൊണ്ടുതന്നെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹാദിയ കേസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി വിമർശിച്ച് സ്വന്തം നിലക്ക് പ്രത്യേക വിധിപ്രസ്താവം തയാറാക്കുകയായിരുന്നു. ഹാദിയയുടെ അന്തസ്സും സ്വാതന്ത്ര്യവും കോടതി അവഹേളനത്തിന് വിധേയമായതിൽ ജാള്യമുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കുറിച്ചു. സ്വന്തം ഇഷ്ടത്തിനെതിരായി പിതാവിെൻറ കസ്റ്റഡിയിൽ കഴിഞ്ഞ മാസങ്ങൾ ഒരിക്കലും അവർക്ക് തിരിച്ചുലഭിക്കില്ല.
ഹാദിയക്ക് അനുയോജ്യനായ ഭർത്താവാണോ ശഫിൻ ജഹാൻ എന്ന് തീരുമാനിച്ചതിലൂടെ കേരള ഹൈകോടതി നിരോധനമേഖലയിലേക്ക് കടന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയിൽ കുറ്റപ്പെടുത്തി. തീർത്തും വ്യക്തിപരമായ തീരുമാനങ്ങൾക്കുള്ള സാമൂഹിക അനുവാദമല്ല കോടതി അത് അംഗീകരിക്കുന്നതിനുള്ള അടിസ്ഥാനം. ഭരണഘടന സ്ഥാപനമായ കോടതി കടക്കാത്ത മേഖലയിലേക്കാണ് കേരള ഹൈകോടതി കടന്നത്. ഹാദിയ ദുർബലയും പല നിലയിലും ചൂഷണത്തിനിരയാക്കപ്പെടാൻ സാധ്യതയുള്ളവരുമാണെന്ന് പറഞ്ഞതിലൂടെ ഹാദിയ പ്രായപൂർത്തിയായ വ്യക്തിയാണെന്ന കാഴ്ച പോലും ഹൈകോടതിക്കുണ്ടായില്ല എന്ന് വിധി ചൂണ്ടിക്കാട്ടി.
നമ്മുടെ സംസ്കാരത്തിെൻറ വൈവിധ്യത്തിലും ബഹുസ്വരതയിലുമാണ് ഭരണഘടനയുടെ ശക്തി കിടക്കുന്നത്. ഒരാൾ ആരെ വിവാഹം ചെയ്യണമെന്നതും ചെയ്യരുതെന്നതും ഭരണകൂട നിയന്ത്രണത്തിന് പുറത്താണ്. ഇൗ വൈവിധ്യവും ബഹുസ്വരതയും മുറുകെപ്പിടിക്കാൻ കോടതികൾ ബാധ്യസ്ഥമാണ്. ഇത്തരം സ്വാതന്ത്ര്യങ്ങളിലെ ഭരണകൂടത്തിെൻറ കൈക്കടത്തലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ്.
മുസ്ലിം നിയമപ്രകാരം സാധുവായ വിവാഹത്തിന് വേണ്ട നിബന്ധനകളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഹാദിയയുടെ ഇഷ്ടം അംഗീകരിക്കാതിരിക്കുക വഴി ഭരണഘടനപരമായ അവകാശത്തിന്മേലാണ് അസ്വസ്ഥതയുണ്ടാക്കിയതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖൻവിൽകറും ചുണ്ടിക്കാട്ടി. മകളുടെ താൽപര്യം സംരക്ഷിക്കാനുള്ള തെൻറ അവകാശം ലംഘിക്കപ്പെട്ടുവെന്ന് ഒരുപക്ഷേ പിതാവിന് തോന്നിയേക്കാം.
എന്നാൽ, ശഫിൻ ജഹാനെ വിവാഹം കഴിക്കാനുള്ള മകളുടെ മൗലികാവകാശത്തെ അതൊട്ടും വെട്ടിക്കുറക്കുന്നില്ലെന്നും ഇരു ജഡ്ജിമാരും തുടർന്നു. ഒഴിച്ചുകൂടാനാകാത്ത ഘട്ടത്തിൽ കോടതിക്ക് ഒരു വ്യക്തിയെ രക്ഷാകർത്താവിനൊപ്പം അയക്കാമെന്ന വാദം അംഗീകരിച്ചാലും മനോരോഗികളുടേത് പോലുള്ള സാഹചര്യങ്ങളിലേ അത് പറ്റൂ ^ഇരുവരും വ്യക്തമാക്കി. ‘‘അഖില എന്ന ഹാദിയ’’ എന്നതിന് പകരം മൂന്ന് ജഡ്ജിമാരും ഹാദിയ എന്നു മാത്രമാണ് അവസാന വിധിയിൽ ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.