നെടുമ്പാശ്ശേരി: ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന ഹാജിമാരെ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കാൻ നിത്യേന മൂന്ന് വാഹനം വീതം ഏർപ്പെടുത്താൻ ആലുവ പാലസിൽ ചേർന്ന ഹജ്ജ് സ്വാഗതസംഘം യോഗത്തിൽ തീരുമാനമായി. ഹജ്ജ് വളൻറിയർമാർ 11ന് രാവിലെ മുതൽ പ്രവർത്തനരംഗത്തുണ്ടാകും. ആലുവ റെയിൽവേ സ്റ്റേഷനിൽ ഹജ്ജ് ഹെൽപ് സെൻററുണ്ടാകും. ഹാജിമാരുടെ ലഗേജുകൾ വളൻറിയർമാർ ഏറ്റുവാങ്ങി നെടുമ്പാശ്ശേരിയിലെത്തിക്കും. ഹെൽപ് സെൻററിൽ മുഴുസമയവും അഞ്ച് പേരാണുണ്ടാവുക. ഇതിനു പുറമേയാണ് വളൻറിയർമാരുടെ സേവനം.
ഇപ്പോഴത്തെ കണക്കനുസരിച്ച് 39 വിമാന സർവിസുകളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള േക്വാട്ടയിൽ അവശേഷിക്കുന്നത് കേരളത്തിന് ലഭിച്ചാൽ സർവിസുകളുടെ എണ്ണം കൂടിയേക്കാം. ചില ദിവസങ്ങളിൽ നാല് സർവിസ് വരെ ഉണ്ടാകും. വിമാന സമയക്രമം സംബന്ധിച്ച അന്തിമപട്ടിക തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ലഭ്യമാകുമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് അറിയിച്ചിട്ടുള്ളത്.
ജിദ്ദയിൽ ഹാജിമാരെ സഹായിക്കാൻ 3000 പ്രവാസി ഇന്ത്യാക്കാർക്ക് പാസ് അനുവദിച്ചുകഴിഞ്ഞു. 22 പ്രവാസി സംഘടനകളാണ് ഇക്കുറി സേവനത്തിന് രംഗത്തിറങ്ങുക. ഇവരുടെ വകയായി മക്കയിലും മിനായിലും ദിവസവും കഞ്ഞി വിതരണവുമുണ്ടാകും.
സ്വാഗതസംഘം യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, മുൻ എം.എൽ.എ എ.എം. യൂസഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, വി. സലീം, ലത്തീഫ് പൂഴിത്തുറ തുടങ്ങിയവർ സംസാരിച്ചു.
വിമാനയാത്ര സമയപട്ടിക തയാറാകുന്നു
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവർക്ക് വിമാനയാത്ര സമയപട്ടിക ലഭ്യമായി തുടങ്ങിയതായി അസി. സെക്രട്ടറി അബ്ദുറഹ്മാൻ അറിയിച്ചു. ഏത് ദിവസം എത്രാമത്തെ വിമാനത്തിൽ പോകണമെന്നും തിരിച്ചെത്തണമെന്നും അറിയിക്കുന്ന ഫ്ലൈറ്റ് മാനിഫെസ്റ്റ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒാഫിസിൽനിന്നാണ് അയച്ചിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തിനകം മാത്രമേ മുഴുവൻ ഹാജിമാരുടെയും വിവരങ്ങൾ ലഭിക്കൂ. ഒാരോ വിമാനത്തിലും തീർഥാടകരെ അനുഗമിക്കുന്ന വളൻറിയർമാർ ഹാജിമാരെ ഫോണിൽ വിളിച്ച് യാത്ര സംബന്ധമായ വിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.