കൊച്ചി: അടുത്ത വർഷം ഹജ്ജിന് പോകുന്നവരുടെ പാസ്പോർട്ട് കാലാവധി നിർണയത്തിലെ അപാകത സംബന്ധിച്ച ഹരജിയിൽ ഹൈകോടതി സർക്കാറിന്റെയും കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെയും വിശദീകരണം തേടി. 2025 സെപ്റ്റംബർ 23 മുതൽ 2026 ജനുവരി 15 വരെ സാധുതയുള്ള പാസ്പോർട്ടുള്ളവർക്ക് മാത്രം 2025ലെ ഹജ്ജിന് പോകാൻ അനുമതി നൽകുന്നവിധം ക്രമീകരിച്ചിരിക്കുന്ന ഹജ്ജ് കമ്മിറ്റി നടപടി ചോദ്യംചെയ്ത് എറണാകുളം ചേരാനല്ലൂർ സ്വദേശി വി.കെ. സുബൈർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
ഭാര്യക്കൊപ്പം 2025ലെ ഹജ്ജിന് പോകാൻ അപേക്ഷ നൽകാൻ ഹരജിക്കാരൻ ശ്രമിച്ചെങ്കിലും അപ്ലോഡ് ചെയ്യാനായില്ല. നിശ്ചയിച്ച ദിവസത്തിനകം പാസ്പോർട്ടിന്റെ കാലാവധി തീരുന്നതിനാലാണ് അപേക്ഷ സ്വീകരിക്കാത്തതെന്നായിരുന്നു ഇതുസംബന്ധിച്ച വിശദീകരണം. ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച അവസാന ദിനമായ 2026 ജനുവരി 15ന് തൊട്ടുമുമ്പുള്ള ദിവസംവരെ (ജനുവരി 14) പാസ്പോർട്ടിന് സാധുതയുണ്ടായിട്ടും അപേക്ഷിക്കാൻപോലും സാധിച്ചില്ലെന്നാണ് ഹരജിക്കാരന്റെ വാദം.
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിന് പിന്നാലെ ഹാജിമാർ നാട്ടിലേക്ക് മടങ്ങാറാണ് പതിവ്. ഇതുപ്രകാരം 2025ലെ അറഫദിനം ജൂൺ ആറിനാണ്. അറഫ ദിനം കഴിഞ്ഞ് ആറുമാസംകൂടി പാസ്പോർട്ടിന് സാധുതയുണ്ടായിരിക്കണമെന്ന നിബന്ധനയാണ് ഹജ്ജ് കമ്മിറ്റി ഏകപക്ഷീയമായി നടപ്പാക്കിയിരിക്കുന്നത്. ഈ നിബന്ധന നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും ഹരജിക്കാരന്റെ അപേക്ഷകൂടി ഹജ്ജിനായി പരിഗണിക്കാൻ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.