മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് സർവിസിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. രാജ്യത്തെ 22 ഇടങ്ങളിൽനിന്ന് സർവിസ് നടത്തുന്നതിനാണ് ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാന കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചത്. കേരളത്തിൽനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. പുതിയ ഹജ്ജ് നയ പ്രകാരം രാജ്യത്തെ 25 വിമാനത്താവളങ്ങളാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നത്.
2009 മുതൽ പട്ടികയിലുള്ള മംഗലാപുരവും 2010ൽ ഇടംപിടിച്ച ഗോവയും പുതുതായി വന്ന അഗർത്തലയുമാണ് ഒഴിവാക്കിയത്. അപേക്ഷകരുടെ കുറവാണ് ഇവ ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. അതേസമയം, വിജയവാഡ പുതുതായി ഇടംപിടിച്ചു.1,38,761 പേർ ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൽനിന്ന് 13,300 പേർ - കരിപ്പൂർ: 8,300, കൊച്ചി: 2,700, കണ്ണൂർ: 2,300. ഇതിൽ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളും രണ്ടാംഘട്ടത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത് മാറാനും സാധ്യതയുണ്ട്. നിലവിലുള്ള ഷെഡ്യൂൾ പ്രകാരം രണ്ടാംഘട്ടത്തിൽ ജൂൺ ആറുമുതൽ 22 വരെയാണ് കേരളത്തിൽനിന്നുള്ള സർവിസ്. സംസ്ഥാനത്തുനിന്നുള്ള തീർഥാടകർ മദീനയിലേക്കാണ് പുറപ്പെടുക.
മടക്കയാത്ര ജിദ്ദയിൽനിന്ന് ജൂലൈ 13 മുതൽ ആഗസ്റ്റ് രണ്ടു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ഹജ്ജ് ടെൻഡറിൽ ഓരോ വിമാനത്താവളങ്ങളിൽനിന്നും സർവിസ് നടത്തുന്ന വിമാനങ്ങൾ ഏതെല്ലാമെന്ന് ഉൾപ്പെടുത്താറുണ്ട്. ഇക്കുറി വിമാനത്താവളങ്ങളുടെ റഫറൻസ് കോഡ് മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.