കരിപ്പൂർ: അടുത്ത വർഷം മുതൽ കേരളത്തിൽനിന്ന് രണ്ട് ഹജ്ജ് എംബാർക്കേഷൻ പോയൻറുകളുണ്ടാകുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി. മുംബൈയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് സി.ഇ.ഒ ഡോ. മഖ്സൂദ് അഹമ്മദ് ഖാൻ, ഡെപ്യൂട്ടി സി.ഇ.ഒ സയ്യിദ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളായിരിക്കും കേരളത്തിൽനിന്നുള്ള എംബാർക്കേഷൻ പോയൻറ്.
തീർഥാടകർക്ക് സൗകര്യത്തിന് അനുസരിച്ച് ഇഷ്ടമുള്ള വിമാനത്താവളം തെരഞ്ഞെടുക്കാം. ഹജ്ജിന് അപേക്ഷ സമർപ്പിക്കുേമ്പാൾ ഫോറത്തിൽ ഇക്കാര്യം ഉൾപ്പെടുത്താനാകും. നിലവിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിെലല്ലാം രണ്ട് എംബാർക്കേഷൻ പോയൻറുകളുണ്ട്. 2002 മുതൽ 2014 വരെ കരിപ്പൂരിൽനിന്നായിരുന്നു ഹജ്ജ് സർവിസ് നടന്നത്. പിന്നീട്, 2015ൽ റൺവേ നവീകരണത്തിന് വേണ്ടിയാണ് കരിപ്പൂരിൽനിന്ന് നെടുമ്പാശ്ശേരിയിേലക്ക് മാറ്റിയത്.
2019ൽ ഹജ്ജിന് പോകുന്നവർ മദീന വഴി മക്കയിലേക്ക് എത്തുന്ന രീതിയിൽ ഒന്നാംഘട്ടത്തിൽ യാത്ര ക്രമീകരിക്കും. ഇക്കാര്യം ദീർഘകാലമായി പ്രവാസികൾ ആവശ്യപ്പെടുന്നതാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി രണ്ടാംഘട്ടത്തിലാണ് കേരളത്തിൽനിന്ന് യാത്ര പുറപ്പെടാറുള്ളത്. ഒരു കവറിൽ അഞ്ചുപേർക്ക് ഒന്നിച്ച് അപേക്ഷിക്കാം. കഴിഞ്ഞ ഹജ്ജ് വേളയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വന്ന അധിക ചെലവുകളും നഷ്ടങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തതിന് ശേഷം സാമ്പത്തിക സഹായമായി നൽകും. സിവിൽ സർവിസ് പ്രവേശന പരീക്ഷയുടെ കേന്ദ്രം കരിപ്പൂർ ഹജ്ജ് ഹൗസിൽ ആരംഭിക്കും. നിലവിൽ കേരളത്തിൽ നിന്നുള്ളവർ ബംഗളൂരു കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശീലനങ്ങൾ കേരള മാതൃകയിൽ നടപ്പാക്കുന്നതിനും സി.ഇ.ഒ താൽപര്യം പ്രകടിപ്പിച്ചു. ഇതിനാവശ്യമായ ചെലവുകൾ കേന്ദ്രം വഹിക്കുകയാണെങ്കിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമായി ആലോചിച്ച് നടപ്പാക്കും. കരിപ്പൂർ ഹജ്ജ് ഹൗസിൽ സ്ഥിരം പരിശീലനകേന്ദ്രം ആരംഭിക്കുന്ന കാര്യവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഹജ്ജ് കോഒാഡിനേറ്റർ എൻ.പി. ഷാജഹാനും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.