കോഴിക്കോട്: സമുദായ രാഷ്ട്രീയ ശക്തിയായ മുസ്ലിം ലീഗിനെ സംരക്ഷിക്കുന്നതിനുപകരം അതിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള സമസ്തയിലെ ചിലരുടെ ശ്രമം സമസ്ത വിരുദ്ധമാണെന്നും സംഘടന പാരമ്പര്യങ്ങളുടെ ലംഘനമാണെന്നും കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) മുൻ ജന. സെക്രട്ടറിയും പണ്ഡിതനുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ ഹക്കീം ഫൈസി ആഞ്ഞടിച്ചത്.
ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സമസ്ത പ്രവർത്തകർ കൂടിയായിരുന്നു. അവർക്ക് രണ്ടിടങ്ങളിലും (ലീഗിലും സമസ്തയിലും) സ്വസ്ഥമായി തുടരാൻ കഴിഞ്ഞു. കുറച്ചുകാലമായി ഈ രണ്ടു പ്രവർത്തന മണ്ഡലങ്ങളും അനാരോഗ്യകരമായ പാരസ്പര്യ ഭീഷണിയിലാണ്. സമസ്ത അതിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുമുഖ ലക്ഷ്യങ്ങളിൽ വിശ്വാസ രംഗത്തുണ്ടാകുന്ന അസ്വീകാര്യമായ ഉൽപതിഷ്ണുത്വത്തെ പ്രതിരോധിക്കുക, കർമശാസ്ത്ര വിധികൾ പറയുക എന്നിവയിൽ പരിമിതപ്പെടുത്തി പ്രവർത്തിക്കുന്നതേ ഇതുവരെ കണ്ടിട്ടുള്ളൂ. ഈ പതിവ് തെറ്റിച്ച് നേരേ രാഷ്ട്രീയ കാര്യങ്ങളിൽ തലയിടുകയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലീഗിനെ അതീവ സമ്മർദത്തിലാക്കുകയും ചെയ്യുന്ന പാരമ്പര്യവിരുദ്ധ നീക്കം ചിലരിൽ നിന്നുണ്ടാകുന്നു. സമസ്ത ഉൾപ്പെടെയുള്ള മതസംഘടനകളോട് ജനാധിപത്യ സമദൂരം പാലിക്കാനേ ലീഗിനു ബാധ്യതയുള്ളൂവെന്നും ഹക്കീം ഫൈസി കൂട്ടിച്ചേർത്തു.
സമസ്തയും സി.ഐ.സിയും തമ്മിലെ അഭിപ്രായ ഭിന്നതകളെത്തുടർന്ന് സമസ്തയുടെ ആവശ്യപ്രകാരം സി.ഐ.സി ജന. സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസിയെ നീക്കിയിരുന്നു. പക്ഷേ, സി.ഐ.സിയും സമസ്തയും തമ്മിലെ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ല. സമസ്തക്ക് പൂർണമായി വിധേയപ്പെടണമെന്ന നിബന്ധന അംഗീകരിക്കാൻ സി.ഐ.സി തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.