മലപ്പുറം: കഴിഞ്ഞ വെള്ളിയാഴ്ച സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഹമാസ് നേതാവ് ഖാലിദ് മിശ്അൽ ഓൺലൈനായി നൽകിയ വിഡിയോ സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്.
സോളിഡാരിറ്റി പരിപാടിയിൽ ഹമാസ് നേതാവിനെ പങ്കെടുപ്പിച്ചതിൽ ദൂരൂഹതയുണ്ടെന്നാരോപിച്ച് സംഘ്പരിവാർ അനുകൂലികളും ചില മാധ്യമങ്ങളും വ്യാപക പ്രചാരണം നടത്തിയിരുന്നു. സംസ്ഥാന സർക്കാർ ഇത്തരം പ്രവർത്തനങ്ങളെ അനുകൂലിക്കുകയാണെന്നാണ് സംഘ്പരിവാർ നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് ഹമാസ് നേതാവിന്റെ അറബി വിഡിയോ സന്ദേശത്തിന്‍റെ പരിഭാഷയടക്കം പരിശോധിച്ചത്. എന്നാൽ, കേസെടുക്കാൻ തരത്തിലുള്ള പ്രസംഗമോ പ്രവർത്തനങ്ങളോ നടന്നിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
വിഡിയോ സന്ദേശത്തിൽ രാജ്യദ്രോഹമോ വർഗീയത പരത്തുന്ന വാക്കുകളോ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഹമാസ് ഇന്ത്യയിൽ നിരോധിച്ച സംഘടനയല്ലാത്തതിനാൽ ആ നിലക്കും കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് മലപ്പുറം ജില്ല പൊലീസ് ഡി.ജി.പിക്കും സർക്കാറിനും വിവരങ്ങൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.