അബ്ദുൾ റൗഫിന്റെ കൈ തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ നിലയിൽ

തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; മെഡിക്കൽ സംഘമെത്തി കൈ മരവിപ്പിച്ച് യന്ത്രം പൊളിച്ച് രക്ഷിച്ചു

അഗളി (പാലക്കാട്): തേങ്ങാ പൊതിക്കുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) കൈയാണ് തേങ്ങ പൊതിക്കുന്ന യന്ത്രത്തിനിടയ്ക്ക് അബദ്ധത്തില്‍ കുടുങ്ങിയത്. അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്റ്റോറന്റിന് സമീപത്തെ കൃഷിയിടത്തിൽ തേങ്ങ പൊതിക്കുന്നതിനിടെയാണ് അപകടം. ശനി പകൽ 10.30ഓടെയായിരുന്നു സംഭവം.

സഹായിയോടൊപ്പം യന്ത്ര സഹായത്തോടെ തേങ്ങ പൊതിക്കുന്നതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തില്‍ അകപ്പെട്ടത്. ഉടന്‍ തന്നെ സഹായി യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതു കൊണ്ട് വൻ അപകടം ഒഴിവായി. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വലതു കൈയുടെ മുട്ടുവരെ യന്ത്രത്തില്‍ കുടുങ്ങിയിരുന്നു. യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കൽ മാത്രമായിരുന്നു ഏക മാർഗം. ഇതിനായി മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സിന്റെ സഹായവും തേടി.

വേദന കൊണ്ട് പുളഞ്ഞ റൗഫിന് പ്രാഥമിക ശുശ്രൂഷ നല്‍കാനായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെയും വിവേകാനന്ദ മിഷന്‍ ആശുപത്രിയിലെയും മെഡിക്കൽ സംഘം സ്ഥലത്തെത്തി. കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് പത്മനാഭന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും വിവേകാനന്ദ മിഷനിലെ ഡോ. മിഥുനും സംഘവുമാണ് സ്ഥലത്തെത്തിയത്.

റൗഫിന്റെ കൈ മരപ്പിച്ച ശേഷമാണ് കൈ പുറത്തെടുത്തത്. ഇതിനായി സമീപത്തെ വീട്ടില്‍ ഇരുമ്പ് മേൽക്കൂര പണിതിരുന്നവരും വര്‍ക് ഷോപ്പ് ജീവനക്കാരയും സ്ഥലത്തെത്തിച്ചു. ഇവരോടൊപ്പം നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തുണയായത്. ഏറെ നേരത്തെ പരിശ്രമച്ച് ഉച്ച ഒന്നരയോടെ യന്ത്രം പൊളിച്ച് രക്ഷപ്പെടുത്തി കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി.

വലതു കൈയുടെ വിരലുകള്‍ക്കും കൈപ്പത്തിയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ കോട്ടത്തറ ആശുപത്രിയിൽ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - Hand stuck in Coconut Peeling Machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.