മൂന്നാർ\അടിമാലി: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചും വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും ജില്ലയിലെ 10 പഞ്ചായത്തിൽ വ്യാഴാഴ്ച വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ പൂർണം. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയായിരുന്നു ഹർത്താൽ .
അതേസമയം, മുൻകൂർ നോട്ടീസ് നൽകാതെയുള്ള ഹർത്താൽ നിയമവിരുദ്ധമാണെന്ന് കാണിച്ച് ശാന്തൻപാറ പൊലീസ് നോട്ടീസ് നൽകി. സംഭവത്തിൽ സമരം ചെയ്യാൻ ഇടുക്കിയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സിമന്റ്പാലം, ബോഡിമെട്ട്, ചിന്നക്കനാൽ, സൂര്യനെല്ലി, പൂപ്പാറ എന്നിവിടങ്ങളിൽ ഹർത്താൽ പൂർണമായിരുന്നു. ബിയൽറാമിൽനിന്ന് എത്തിയവർ ബോഡിമെട്ടിലെ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം അന്തർ സംസ്ഥാന പാത ഉപരാധിച്ചു. 500ഓളം പേർ ഇവിടെ മാത്രം നിലയുറപ്പിച്ചാണ് സമരം നടത്തിയത്. ഇവിടെ അന്തർ സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചതോടെ തമിഴ്നാട്ടിൽനിന്നുള്ള ചരക്ക് നീക്കവും നിലച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളും നിശ്ചലമായി.
അരിക്കൊമ്പനെ പിടികൂടുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കുങ്കിയാനകളെ ദൗത്യം പൂർത്തിയാക്കുന്നതിന് മുമ്പ് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഇവർ വ്യക്തമാക്കി. മൂന്നാർ, ദേവികുളം, ശാന്തൻപാറ പൊലീസ് സ്റ്റേഷനുകളിൽ നിന്നടക്കം വൻ പൊലീസ് സന്നാഹവും പ്രതിഷേധ സ്ഥലങ്ങളിൽ തമ്പടിച്ചിരുന്നു.
കൊച്ചി-ധനുഷ്കോടി ദേശീയപാത 85ൽ പെരിയകനാൽ, ആനയിറങ്ങൽ പ്രദേശങ്ങളിൽ റോഡ് ഉപരോധിച്ചു. കുങ്കിയാനകളെ പാർപ്പിച്ച സിമന്റ്പാലം, ചിന്നക്കനാൽ ടൗൺ, സൂര്യനെല്ലി എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുമായി നാട്ടുകാരെത്തി. മൂന്നാറിൽ ഹർത്താൽ പൂർണമായിരുന്നു. ഭക്ഷണശാലകൾ അടഞ്ഞുകിടന്നതിനാൽ വിദേശികൾ ഉൾപ്പെടെ സഞ്ചാരികൾ വലഞ്ഞു. എൽ.ഡി.എഫ് പ്രവർത്തകർ ടൗണിൽ റോഡ് ഉപരോധിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ തടസ്സമില്ലാതെ സർവിസ് നടത്തി.ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ദേശീയ പാത തടഞ്ഞും റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചും കഞ്ഞി പാചകം ചെയ്ത് കഴിച്ചും പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വീടുകൾ പൂട്ടിയാണ് സമരത്തിൽ പങ്കെടുക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.