തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ വ്യാപക കല്ലേറ്. 70 ബസുകൾക്ക് കല്ലേറിൽ കേടുപാടുണ്ടായതായും 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായുമാണ് കണക്ക്. കെ.എസ്.ആർ.ടി.സിയുടെ 68 ബസുകൾക്കും കെ.യു.ആർ.ടി.സിയുടെ ഒരു എ.സി ജനുറം ബസിനും ഒരു സ്വിഫ്റ്റ് ബസിനുമാണ് കേടുപാടുണ്ടായത്. കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലിന് 8000 രൂപയും എ.സി ബസിന്റേതിന് 40,000 രൂപയും സ്വിഫ്റ്റിന് 22000 രൂപയും ചെലവ് വരുമെന്നാണ് വിവരം. ഇവ ശരിയാക്കി പുറത്തിറക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും.
അതേസമയം മൊത്തം സർവിസുകളുടെ 60 ശതമാനമായ 2439 സർവിസുകൾ ഓപറേറ്റ് ചെയ്തതായി മന്ത്രി ആന്റണി രാജു പറഞ്ഞു. തെക്കൻ മേഖലയിൽ 1228ഉം മധ്യമേഖലയിൽ 781ഉം വടക്കൻ മേഖലയിൽ 370 സർവിസുകളും നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് പ്രകാരമുള്ള പൊലീസ് കേസിന് പുറമെ, നഷ്ടപരിഹാരം ഈടാക്കുന്നതിന് കെ.എസ്.ആർ.ടി.സി പ്രത്യേകമായി നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സർവിസ് മുടക്കം മൂലമുള്ള കലക്ഷൻ നഷ്ടം ഉൾപ്പെടാതെയാണ് 30 ലക്ഷം രൂപയുടെ നഷ്ടം. പരിക്കേറ്റവരുടെ ചികിത്സ ചെലവും ഇതിനുപുറമെയാണ്. അതേസമയം നാശനഷ്ടം സംഭവിച്ചതിന്റെ നഷ്ടം ഈടാക്കാനേ നിയമപരമായി സാധിക്കൂ. ആക്രമണങ്ങളിൽ ഒമ്പത് ഡ്രൈവർമാരും ഒരു കണ്ടക്ടറും ഒരു വനിത യാത്രക്കാരിയുമടക്കം 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആര് സമരം ചെയ്താലും ഏറുകിട്ടുന്നത് കെ.എസ്.ആർ.ടി.സിക്കാണെന്ന് മന്ത്രി പറഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ചാലുടൽ സർവിസ് നിർത്തിവെക്കുന്നതായിരുന്നു ഇതുവരെയുള്ള പതിവ്. ആ പ്രവണതക്ക് മാറ്റത്തിനുള്ള തുടക്കമായിരുന്നു വെള്ളിയാഴ്ച.
തൊടുപുഴ: ഹർത്താലനുകൂലികളുടെ ആക്രമണത്തിൽനിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിച്ച് ബസോടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ. തൊടുപുഴ ഡിപ്പോയിലെ ഡ്രൈവറായ ടി.എസ്. അബ്ദുൽ ലത്തീഫ് പുലർച്ച അഞ്ചിനുള്ള തൃശൂർ സർവിസിലാണ് പതിവായി പോകുന്നത്.
ഹർത്താൽ ദിനത്തിൽ പൊലീസ് സുരക്ഷ ഉണ്ടാവുമെന്നറിയിച്ചിരുന്നെങ്കിലും അതിരാവിലെയായതിനാൽ പൊലീസ് എത്തിയില്ല. ഇതോടെയാണ് വീട്ടിൽനിന്ന് വരുമ്പോൾ ധരിച്ചിരുന്ന ഹെൽമറ്റ് ബസോടിക്കുമ്പോഴും വെക്കാമെന്ന് തീരുമാനിച്ചത്. . മുമ്പൊരു ഹർത്താലിൽ അബ്ദുൽ ലത്തീഫ് ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് കല്ലേറുണ്ടായിരുന്നു. പ്രതിഷേധക്കാർ എറിഞ്ഞ കല്ലുകൊണ്ട് ബസിന്റെ ചില്ല് പൊട്ടി കണ്ണിൽ ചീള് കയറി പരിക്കേൽക്കുകയും ചെയ്തു. അങ്ങനെ ഒരു അപകടം വീണ്ടുമുണ്ടാകാതിരിക്കാനാണ് വെള്ളിയാഴ്ച ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കേണ്ടി വന്നതെന്ന് ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.