പോസ്റ്റര്‍ എഡിറ്റ് ചെയ്ത് മതവിദ്വേഷ പ്രചരണം; പരാതിയുമായി വെൽഫെയർ പാർട്ടി

മുക്കം: തെരഞ്ഞെടുപ്പ്​ പോസ്​റ്റർ എഡിറ്റ്​ ചെയ്​ത്​ മതവിദ്വേഷം പ്രചരിപ്പിക്കുന്നതായി പരാതി. മുക്കം നഗരസഭയിലെ 18ാം വാർഡായ​ കണക്കുംപറമ്പില്‍ യു.ഡി.എഫ് പിന്തുണക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാർഥിക്കെതിരെയാണ്​ സോഷ്യൽമീഡിയയിൽ വ്യാജപ്രചരണം നടത്തുന്നത്​. ഇടതു- സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യക്​തിഹത്യയും വിദ്വേഷ പ്രചരണവും നടത്തുന്നതിനെതിരെ സ്ഥാനാര്‍ഥിയായ സാറ കൂടാരം പൊലീസില്‍ പരാതി നല്‍കി.

വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ സി.പി.എമ്മാണ്​ മുക്കം നഗരസഭ ഭരിക്കുന്നത്​. എന്നാൽ, ഇത്തവണ യു.ഡി.എഫിനെ​ പിന്തുണക്കാനാണ്​ വെൽഫെയർ പാർട്ടി തീരുമാനം. ഇതാണ്​ വ്യാജ പ്രചരണത്തിന്​ ഇടതുകേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നതെന്ന്​​ പാർട്ടി വൃത്തങ്ങൾ ആരോപിച്ചു. മതമൈത്രി തകർക്കാനും കലാപങ്ങൾക്ക് കോപ്പുകൂട്ടാനുമാണ് ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നതെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുക്കം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ പൊലീസ് കമ്മീഷണർ, കോഴിക്കോട് ജില്ല കലക്ടർ, കേരള ഇലക്ഷൻ കമ്മീഷണർ, മുഖ്യമന്ത്രി, ഡി.ജി.പി, റിട്ടേണിങ് ഓഫിസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഐടി ആക്റ്റ് പ്രകാരം നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യ​പ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പോസ്റ്ററിനു മുകളില്‍ 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന് ചേര്‍ത്ത ശേഷം ചിത്രങ്ങൾ തിരുകിക്കയറ്റിയും മതസ്​പർധ വളർത്തുന്ന കമൻറുകൾ ഉൾപ്പെടുത്തിയുമാണ്​ പ്രചരിപ്പിക്കുന്നത്​. ഇടതു പ്രവര്‍ത്തകർ തുടങ്ങിവെച്ച ഈ കുപ്രചരണം തീവ്ര ഹിന്ദുത്വവാദിയും വിദ്വേഷ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥും ഏറ്റെടുത്തതായി വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘ്പരിവാറി​െൻറ വംശീയ അജണ്ട ഏറ്റെടുത്ത് നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഇത്തരം വ്യാജപ്രചരണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് - സംഘ്പരിവാർ കേന്ദ്രങ്ങളിലെ പരാജയഭീതിയിൽ നിന്നും രൂപപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം കേരളാ പൊലീസ് വ്യക്തമാക്കിയിരുന്നു. ഐടി ആക്ടും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരം കർശന നടപടിയെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. 

Tags:    
News Summary - Hate campaign against candidate; Welfare Party filed complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.