കൊച്ചി: കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്തു. കോൺഗ്രസ് നേതാവ് പി. സരിൻ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. വിദ്വേഷ പ്രചാരണത്തിന് കേന്ദ്ര മന്ത്രിക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്.
നേരത്തെ സൈബർ സെൽ എസ്.ഐയുടെ പരാതിയിലാണ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരുന്നത്. ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.
കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ‘‘ഹമാസിന്റെ ജിഹാദിനുള്ള പരസ്യാഹ്വാനം ക്രിസ്ത്യാനികൾക്കെതിരായ ആക്രമണത്തിനു കാരണമാകുമ്പോൾ ഡൽഹിയിലിരുന്ന് ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയാണ് മുഖ്യമന്ത്രി’’ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം.
വിവിധ സ്റ്റേഷനുകളിൽ രാജീവ് ചന്ദ്രശേഖറിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ആരോപണം തെളിഞ്ഞാൽ ആറുമാസം തടവോ പിഴയോ രണ്ടിൽ ഏതെങ്കിലുമൊന്നോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കേന്ദ്ര മന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും. ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി വർഗീയ നിലപാടു സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ല. കേരളം അതിനൊപ്പം നിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.