തിരുവനന്തപുരം: മതവിദ്വേഷപ്രസംഗം നടത്തിയ കേസിൽ പി.സി. ജോർജിന് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ബുധനാഴ്ച കോടതി വാദം കേൾക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഹരജി പരിഗണിക്കുന്നത്. ഏപ്രിൽ 29ന് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം.
മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന നിലയിലുള്ള പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത ഫോർട്ട് പൊലീസ് കോട്ടയം ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന അദ്ദേഹത്തിന് സർക്കാർ അഭിഭാഷകന്‍റെ അസാന്നിധ്യത്തിൽ കോടതി ജാമ്യം അനുവദിച്ചു. ഇത് ഏറെ വിവാദമായിരുന്നു. പൊലീസിന്‍റെ ഒത്തുകളിയാണ് ജോർജിന് ജാമ്യം കിട്ടാൻ കാരണമായതെന്ന ആക്ഷേപവും ഉയർന്നു.
തുടർന്ന് കോടതി ഉത്തരവ് പുറത്തുവന്നപ്പോൾ ജാമ്യം അനുവദിക്കാനുള്ള കാരണം പൊലീസ് സമർപ്പിച്ച ദുർബലമായ റിപ്പോർട്ട് കണക്കിലെടുത്താണെന്ന് വ്യക്തമായി. അതിനെ തുടർന്നാണ് നാണക്കേട് മാറ്റാനായി കോടതിയെ സമീപിക്കാൻ പൊലീസ് തീരുമാനിച്ചത്. നിയമോപദേശം തേടിയ ശേഷമാണ് ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ആ ഹരജിയാണ് ബുധനാഴ്ച കോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.