ആരോഗ്യമന്ത്രിയെ തിരുത്തി മുഖ്യമ​ന്ത്രി; പേവിഷ വാക്സിൻ ഗുണനിലവാരം പരിശോധിക്കാൻ വിദഗ്​ധ സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗിക്കുന്ന പേവിഷ വാക്‌സിനുകളുടെ ഗുണനിലവാരം വിദഗ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വാക്‌സിനുകളുടെ ഗുണനിലവാരത്തില്‍ കുഴപ്പമി​ല്ലെന്നും പൂര്‍ണമായും ഉറപ്പാക്കിയാണ്​ വാങ്ങിയതെന്നും വിശദീകരിച്ച മന്ത്രി വീണാ ജോർജിനെ തിരുത്തിയാണ്​ മുഖ്യമന്ത്രിയുടെ മറുപടി. ഗുണനിലവാരം ഉറപ്പാക്കാത്ത വാക്‌സിനുകള്‍ വാങ്ങിയതാണ് മരണം വർധിപ്പിച്ചതെന്ന്​ പ്രതിപക്ഷം ആരോപിച്ചിരുന്നു. വിഷയത്തിൽ പി.കെ. ബഷീർ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിൽ മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്ത പ്രതിപക്ഷം ഇറങ്ങിപ്പോക്ക്​ ഒഴിവാക്കി.

വാക്‌സിന്‍ എടുത്തിട്ടും മരണങ്ങളുണ്ടായത്​ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നതായി മുഖ്യമ​ന്ത്രി പറഞ്ഞു. വാക്‌സിനെക്കുറിച്ച് പരിശോധിക്കുന്ന വിദഗ്ധസമിതിയെ ആരോഗ്യവകുപ്പ് നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുനായ്​ക്കൾക്കും വീടുകളില്‍ വളര്‍ത്തുന്ന എല്ലാ മൃഗങ്ങള്‍ക്കും പേവിഷത്തിനെതിരായ വാക്‌സിനുകള്‍ നല്‍കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. കോവിഡ് വന്നശേഷം രണ്ടുവര്‍ഷമായി പുതുതായി വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കാനായിട്ടില്ല. അത് ഊർജിതമാക്കുമെന്നും ആവശ്യമുള്ള വാക്‌സിന്‍ മൃഗസംരക്ഷണ വകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്​ ഇക്കൊല്ലം ഇതുവരെ പേവിഷ ബാധമൂലം 20 മരണം ഉണ്ടായതായി മന്ത്രി വീണാ ജോർജ്​ അറിയിച്ചു. ഇതില്‍ 15 പേരും വാക്‌സിന്‍ എടുത്തിരുന്നില്ല. ഒരാള്‍ ഭാഗികമായാണ് വാക്‌സിന്‍ എടുത്തത്. ബാക്കി നാലുപേരും വാക്‌സിന്‍ എടുത്തെങ്കിലും മരിച്ചു. നാഡീവ്യൂഹങ്ങള്‍ കൂടുതലുള്ള വിരലുകളിലും തലച്ചോറുമായി ഏറെ ബന്ധപ്പെടുന്ന മുഖം, കഴുത്ത് എന്നിവിടങ്ങളിലും ഉണ്ടായ കടിമൂലമാണ് നാലുപേര്‍ മരിക്കാനിടയായതെന്നാണ്​ വിദഗ്ധര്‍ പറയുന്നത്. വാക്‌സിന്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിനു മുമ്പു​ തന്നെ വൈറസുകള്‍ തലച്ചോറില്‍ എത്തി. വാക്‌സിനുകള്‍ക്ക് പ്രവര്‍ത്തിച്ചുതുടങ്ങാന്‍ രണ്ടാഴ്ച വേണം. വാക്‌സിനുകള്‍ എടുത്തശേഷം മരണമുണ്ടായതിനെ കുറിച്ച വിദഗ്ധ സമിതി റിപ്പോർട്ട്​ രണ്ടാഴ്ചക്കകം ലഭിക്കും. 2025 ഓടെ പേപ്പട്ടി വിഷബാധയേറ്റ് ആരും മരിക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ യജ്ഞം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

നടപടികൾ എടുക്കാതെ, അടിയന്തരമായി വാക്‌സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ ശ്രമിച്ചതാണ്​ കാരണമെന്ന് പി.കെ. ബഷീര്‍ ആരോപിച്ചു. കൃഷിയിടത്തില്‍ കയറുന്ന പന്നിയെ വെടിവെച്ചുകൊല്ലാം, മനുഷ്യനെ കൊല്ലുന്ന പേപ്പട്ടിയെ കൊല്ലാന്‍ പാടില്ല എന്നാണ് നിയമം. മനുഷ്യന് വഴിയിലിറങ്ങി നടക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഇതൊക്കെ ആലോചിക്കണമെന്നും ബഷീര്‍ പറഞ്ഞു.

വാക്‌സിന്റെ കൃത്യമായ വിതരണം നടക്കാത്തതും സമയബന്ധിതമായി വാങ്ങാന്‍ തയാറാകാത്തതുമാണ് പ്രശ്‌നകാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് സംശയമുണ്ട്. വാങ്ങാനുള്ള നടപടി ആരംഭിച്ചത് വളരെ വൈകിയാണ്. കേന്ദ്ര ഡ്രഗ് ലാബ് പരിശോധിച്ച റിപ്പോര്‍ട്ടും ഉണ്ടായിരുന്നില്ല. ഈ വാക്‌സിന്‍ എടുത്തവര്‍ മരണപ്പെട്ടുവെന്ന് മാത്രമല്ല, ചിലര്‍ക്ക് അലര്‍ജിയുമുണ്ടായി. അതോടൊപ്പം നായ്​ക്കളുടെ വന്ധ്യംകരണ പദ്ധതിയും മാലിന്യനിർമാര്‍ജനവും കാര്യക്ഷമമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Health Minister corrected by Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.