തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് നേരിടാൻ പുതുക്കിയ കർമപദ്ധതി (ഹീറ്റ് ആക്ഷൻ പ്ലാൻ) തയാറാക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത വർഷം മുതൽ സർക്കാർ ആശുപത്രികളിൽ ഹീറ്റ് ക്ലിനിക്കുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചൂട;മായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് പ്രാഥമികചികിത്സ സംവിധാനങ്ങളും ഒരുക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി ഹാസാർഡ് അനലിസ്റ്റ് ഫഹദ് മർസൂക്ക് പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയും ‘അസർ’ സംഘടനയും സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള കാലാവസ്ഥ വ്യതിയാനങ്ങൾക്കൊപ്പം ഭൂമിയുടെ ഉപയോഗത്തിലുണ്ടാകുന്ന മാറ്റവും നഗരവത്കരണവും കേരളത്തെ താപത്തുരുത്താക്കി മാറ്റിയെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ ഡയറക്ടർ ഡോ. എസ്. അഭിലാഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 1441 പേർ ചികിത്സ തേടിയതായി ‘കാലാവസ്ഥ വ്യതിയാനവും മനുഷ്യ ആരോഗ്യവും’ സംബന്ധിച്ച ദേശീയദൗത്യം പദ്ധതി നോഡൽ ഓഫoസർ ഡോ.എം.എസ്. മനു പറഞ്ഞു.
കൂടുതൽ പേർ ചികിത്സ തേടിയത് പാലക്കാടാണ് -530. മാസ്കറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ എൻ.ആർ.ഡി.സി ഹെൽത്ത് കൺസൾട്ടന്റ് ഡോ. അഭിയന്ത് തിവാരി മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.