തൃശൂർ: റോഡപകടത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി യാചിച്ച് പിടയുന്ന ഒരു ചെറുപ്പക്കാരനെ ജനം നിസ്സംഗമായി നോക്കിനിന്നത് കാൽ മണിക്കൂറോളം! സാംസ്കാരികതയുടെ പെരുമ പറയുന്ന തൃശൂർ നഗരാതിർത്തിയിലെ താണിക്കുടം പെട്രോൾ പമ്പിന് സമീപത്താണ് ചോര ഉറഞ്ഞുപോയ ജനക്കൂട്ടം വേദനയിൽ പിടയുന്ന ഒരു മനുഷ്യനെ തരിമ്പ് പോലും ദയ തോന്നാതെ മാറി നിന്ന് വീക്ഷിച്ചത്. ഒടുവിൽ, അതുവഴി വന്ന ഒരു നല്ല സമരിയാക്കാരൻ അയാളെ താങ്ങിയെടുക്കാൻ വന്നു. ഒരു കൈ സഹായിക്കാൻ അപ്പോഴും ആരും മുന്നോട്ട് വന്നില്ല.
ഇന്നലെ കാലത്തായിരുന്നു സംഭവം. മൂന്നാറിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയായ താണിക്കുടം സ്വദേശി വിഷ്ണുവാണ് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് വഴിയിൽ കിടന്ന് പിടഞ്ഞത്. അപകടം കണ്ട് ഏറെപേർ എത്തി. പക്ഷെ, ചോരയൊഴുകി റോഡിൽ കിടന്ന് പിടയുന്ന വിഷ്ണുവിെൻറ അടുത്തേക്ക് ഒന്ന് ചെല്ലാൻ പോലും അവരിൽ ആരും തയാറായില്ല. എല്ലാവരും നിന്നിടത്ത് നിന്ന് തല മുന്നോട്ട് നീട്ടി ഒട്ടകപ്പക്ഷിയെ പോലെ പിൻവാങ്ങി നിന്നു. കടന്നുപോയത് പതിനഞ്ചോളം നിമിഷങ്ങൾ...! യുവാവിെൻറ രോദനം ആരുടെയും മനസ്സിൽ പ്രതിധ്വനിച്ചില്ല. ഒടുവിൽ, രക്ഷകൻ ഒരു മോേട്ടാർ ബൈക്കിൽ കടന്നുവന്നു-തൃശൂരിലെ അശ്വിനി ആശുപത്രിയിലെ പുരുഷ നഴ്സ് ആയ പുന്നംപറമ്പ് സ്വദേശി സിയോ ആൻറണി.
ജോലിക്കായി ബൈക്കിൽ വരികയായിരുന്ന സിേയാ ചോരയിൽ കുളിച്ച് കിടന്ന് പിടയുന്ന ആ മനുഷ്യജീവിയുെട അടുത്തെത്തി. അപ്പോെഴങ്കിലും ആരെങ്കിലും അടുത്തെത്തേണ്ടതായിരുന്നു. ആൾക്കൂട്ടം നിന്നിടത്ത് നിന്ന് ഒരടിപോലും അനങ്ങിയില്ല. അവരെ നോക്കി സിയോ കരഞ്ഞു വിളിച്ചു. ആരും ആദ്യം തയാറായില്ല. നിരവധി തവണ കെഞ്ചിയപ്പോൾ മനസ്സില്ലാ മനസ്സോടെ മൂന്നുപേർ മുന്നോട്ട് ചെന്നു. തലക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ അവർ താങ്ങിയെടുത്ത് അതുവഴി വന്ന വാഹനങ്ങൾക്ക് കൈ കാണിച്ചു. ഒന്നും നിർത്തിയില്ല. ഒടുവിൽ അതുവഴി വന്ന ഓട്ടോറിക്ഷ ബലമായി തടഞ്ഞ് അതിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
വെൻറിലേറ്ററിൽ പ്രത്യേക നിരീക്ഷണത്തിലാണെങ്കിലും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പക്ഷെ, സമൂഹം ചെന്ന് ചേരുന്ന അപകടാവസ്ഥ തരണം ചെയ്യാനെന്ത് വഴി എന്ന ചോദ്യത്തിന് മുന്നിൽ എല്ലാവരും നിസ്സഹായരാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.