ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം എസ്.ഐ.ടിക്ക് കൈമാറി; തുടർനടപടിക്കായി ഇന്ന് യോഗം

തിരുവനന്തപുരം: സിനിമ മേഖലയിലെ ലിംഗവിവേചനത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്‍റെ പൂർണരൂപം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറി. എസ്.ഐ.ടി തലവനും ക്രൈബ്രാഞ്ച് മേധാവിയുമായ എച്ച്. വെങ്കിടേഷിനാണ് റിപ്പോർട്ട് കൈമാറിയത്. തുടർനടപടിക്കായി എസ്.ഐ.ടി ഇന്ന് പൊലീസ് ആസ്ഥാനത്ത് യോഗം ചേരും. റിപ്പോർട്ടിന്‍റെ പൂർണരൂപം നൽകാൻ നേരത്തെ ഹൈകോടതി നിർദേശിച്ചിരുന്നു.

കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവർ പിന്നീട് പരാതിയുമായി വരാനുള്ള സാധ്യത കുറവായതിനാൽ നിയമസാധുത പരിശോധിച്ച ശേഷമാകും തുടർനടപടി സ്വീകരിക്കുക. റിപ്പോർട്ടിന്‍റെ പൂർണരൂപം ആവശ്യമില്ലെന്നായിരുന്നു എസ്.ഐ.ടി തുടക്കത്തിൽ സ്വീകരിച്ച നിലപാട്. പിന്നീട് ഹൈകോടതി ഇടപെട്ടാണ് റിപ്പോർട്ടിന്‍റെ പൂർണരൂപം നൽകാൻ നിർദേശിച്ചത്. പോക്സോ ഉൾപ്പെടെ ചുമത്താനുള്ള വകുപ്പുകളുണ്ടെന്ന സൂചനക്കു പിന്നാലെയാണ് ഹൈകോടതി ഇടപെട്ടത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനോട് കടുത്ത ചോദ്യങ്ങളാണ് ഹൈകോടതി ഉന്നയിച്ചത്. എന്തുകൊണ്ട് റിപ്പോർട്ടിൽ അടിയന്തര നടപടിയെടുത്തില്ലെന്നും മൂന്ന് വർഷം എന്തെടുക്കുകയായിരുന്നെന്നും ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ് സി.​എ​സ്. സു​ധ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബ​ഞ്ച്​ ചോദിച്ചു. റി​പ്പോ​ർ​ട്ടിന്‍റെ പൂർണരൂപം​ മു​ദ്ര​വെ​ച്ച ക​വ​റി​ൽ സർക്കാർ ഹൈകോടതിയിൽ നൽകിയിരുന്നു. ഇത് ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് കൈമാറാൻ കോടതി നിർദേശിക്കുകയും ചെയ്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം അന്വേഷണ സംഘത്തിന് ലഭിക്കുന്നതോടെ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടിവരും. നേരത്തെ, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന വാദം മുൻനിർത്തി ഏതാനും ഭാഗങ്ങൾ ഒഴിവാക്കിയാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടിരുന്നത്.

Tags:    
News Summary - Hema Committee full report handed over to SIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.