തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് നാലു ദിവസം പിന്നിട്ടിട്ടും ‘അമ്മ’ക്കും ‘ഫെഫ്ക’ക്കും ഉൾപ്പെടെ സിനിമ മേഖലയിലെ സംഘടനകൾക്ക് മിണ്ടാട്ടമില്ല. തിങ്കളാഴ്ച ഉച്ചക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. ലൈംഗിക പീഡനം ഉൾപ്പെടെ സിനിമ മേഖലയിലെ അതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അതിലൂടെ പുറത്തുവന്നത്. റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കുമെന്നാണ് തിങ്കളാഴ്ച ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സര്ക്കാര് നടത്തുന്ന ഏതു നീക്കത്തെയും പിന്തുണക്കുമെന്നും പറഞ്ഞിരുന്നു. നാലു ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് വായിച്ചുതീർന്നില്ലേയെന്ന ചോദ്യമാണ് നടിമാർ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമ പേജിലൂടെ ചോദിക്കുന്നത്. എക്സിക്യുട്ടിവ് കമ്മിറ്റി യോഗ ശേഷം തീരുമാനം പറയുമെന്ന നിലപാടാണ് സിദ്ദീഖ് എടുത്തത്. എന്നാൽ, എന്ന് യോഗം ചേരുമെന്നതിന് വ്യക്തമായ മറുപടിയില്ല.
സർക്കാർ നടത്തുന്ന സിനിമ കോൺക്ലേവിനെതിരെ നടി പാർവതി തിരുവോത്ത് നേരത്തേ രംഗത്തെത്തിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റും റൈറ്ററുമായിരുന്ന യുവതിയും തനിക്കു നേരിട്ട അനീതിയെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒരു ഗായിക സംഗീത സംവിധായകനിൽനിന്ന് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞ് രംഗത്തു വന്നു. ഇങ്ങനെ പലതരം വെളിപ്പെടുത്തൽ ഉണ്ടാകുമ്പോഴും റിപ്പോർട്ട് പഠിക്കട്ടെ എന്ന നിലപാടിൽ തല പൂഴ്ത്തുകയാണ് സിനിമ സംഘടനകൾ. ഒരു പ്രമുഖ താരത്തിനെതിരെ യൂട്യൂബിൽ വിമർശനമുണ്ടായപ്പോൾ താമസംവിനാ പരാതി കൊടുത്ത് അഴിക്കുള്ളിലാക്കിയവരാണ് താരസംഘടനയുടെ തലപ്പത്തുള്ളവർ.
സിനിമ കോൺക്ലേവിനായുള്ള ഒരുക്കം ഒരു വശത്ത് നടക്കുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈകോടതി ഇടപെട്ടത് സംഘടനകളെ കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട്. താരങ്ങളിലേക്ക് മാത്രമല്ല മറ്റു ചൂഷണങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളും മറുപടി പറയാൻ ബാധ്യസ്ഥരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.