തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളെ ലൈംഗികമായും ശാരീരികമായും മാനസികമായും വേട്ടയാടിയ ‘പ്രമുഖരെയും പവർ ലോബിയെയും’ സംരക്ഷിക്കാൻ വിവരാവകാശ നിയമം സർക്കാർ അട്ടിമറിച്ചു. വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റിയുടെ 233 പേജുകൾ പുറത്തുവിടേണ്ട സ്ഥാനത്ത് സാംസ്കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്.പി.ഐ.ഒ) അപേക്ഷകർക്ക് നൽകിയത് 228 പേജുകൾ മാത്രം. റിപ്പോർട്ടിലെ 49 മുതൽ 53 പേജുകളാണ് രഹസ്യമായി ഒഴിവാക്കിയത്. സർക്കാർ നടപടിക്കെതിരെ സംസ്ഥാന വിവരാവകാശ കമീഷന് ‘മാധ്യമം’ ലേഖകന്‍ അനിരു അശോകൻ പരാതി നൽകി. റിപ്പോർട്ടിലെ ഒഴിവാക്കിയ അഞ്ച് പേജുകളിലുൾപ്പെട്ട 11 ഖണ്ഡികകളിലെ വിവരം നൽകണമെന്നാവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് ജോയന്റ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപ്പീലും നൽകി.
ജൂലൈ അഞ്ചിനാണ് കമ്മിറ്റികൾക്ക് മുമ്പാകെ മൊഴി നൽകിയവരുടെയും ആരോപണവിധേയരുടെയും വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിലെ 49ാം പേജിലെ 96ാം ഖണ്ഡികയും 81 മുതൽ 100 വരെയുള്ള പേജുകളിലെ 32 ഖണ്ഡികകളും ഒഴിവാക്കാനും കമീഷൻ സർക്കാറിന് നിർദേശം നൽകി. കൂടാതെ, സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ അവയും ഒഴിവാക്കാൻ എസ്.പി.ഐ.ഒക്ക് അധികാരമുണ്ട്. എന്നാൽ, ഒഴിവാക്കുന്ന ഭാഗങ്ങൾ ഏതെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കണമെന്ന് വിവരാവകാശ കമീഷൻ സർക്കാറിനെ അറിയിച്ചിരുന്നു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമീഷൻ വിലക്കിയ 33 ഖണ്ഡികകൾ ഉൾപ്പെടെ 136 ഖണ്ഡികകളാണ് സ്വകാര്യതയെ ബാധിക്കുന്നതെന്ന് കണ്ടെത്തി എസ്.പി.ഐ.ഒ സുഭാഷിണി തങ്കച്ചി ഒഴിവാക്കിയത്. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും വരികളും പട്ടിക തിരിച്ച് അപേക്ഷകർക്ക് നൽകി. ഇതിന് ശേഷമുള്ള 233 പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കാൻ പേജ് ഒന്നിന് മൂന്ന് രൂപ നിരക്കിൽ ട്രഷറിയിൽ അടയ്ക്കണമെന്നായിരുന്നു ജൂലൈ 18ന് അപേക്ഷകരെ അറിയിച്ചത്. എന്നാൽ, ആഗസ്റ്റ് 19ന് നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി തള്ളിയതിന് പിന്നാലെ ഒഴിവാക്കൽ പട്ടികയിലില്ലാതിരുന്ന 49 മുതൽ 53 പേജുകളിലെ വിവരങ്ങൾ കൂടി ഒഴിവാക്കി സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടു.
48-ാം പേജിൽ സിനിമ വ്യവസായത്തിലെ പ്രധാനപ്പെട്ട ആളുകളില്‍ നിന്നുള്‍പ്പെടെ സ്ത്രീകള്‍ക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നതായും ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച കമ്മിറ്റിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരാതിരിക്കാനാണ് തുടർന്നുള്ള അഞ്ചുപേജുകൾ ഒഴിവാക്കിയതെന്ന ആരോപണം ശക്തമാണ്. ഒഴിവാക്കിയ പേജുകൾക്ക് അപേക്ഷകരെക്കൊണ്ട് പണം അടപ്പിച്ച സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ അപേക്ഷകർ പരാതിയുമായി കമീഷനെ സമീപിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.