കൊച്ചി: 2017ൽ തനിക്കു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പതറാതെ തളരാതെ, നിയമ പോരാട്ടത്തിനിറങ്ങിത്തിരിച്ച മലയാളത്തിലെ പ്രിയ അഭിനേത്രി, അവർക്കൊപ്പം ഉറച്ചു നിന്ന് താരസംഘടനയിലെ ചിലരുടെ കണ്ണിലെ കരടാവുകയും തൊഴിലിടത്തിൽ പല തരത്തിലുള്ള ചവിട്ടിത്താഴ്ത്തലുകൾ നേരിടുകയും ചെയ്ത വനിത സിനിമ പ്രവർത്തകർ.. സിനിമ മേഖലയിൽ പുതുതായി ഉയർന്നു വരുന്ന ഓരോ ശുദ്ധീകരണ പ്രക്രിയയും ഇവരുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ്.
2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ നടി വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാവുകയും പ്രതികൾ ഇത് ചിത്രീകരിക്കുകയും ചെയ്തത്. തുടർന്ന് നടനും സംവിധായകനുമായ ലാൽ, അന്ന് എം.എൽ.എയായിരുന്ന പി.ടി. തോമസ് തുടങ്ങിയവരുടെ പിന്തുണയോടെ കാര്യങ്ങൾ പൊലീസിലറിയിച്ച നടി അന്നുമുതൽ നടത്തുന്നത് സമാനതകളില്ലാത്ത അതിജീവന പോരാട്ടം.
സംഭവം സിനിമ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയും കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണം നടൻ ദിലീപിലെത്തി നിൽക്കുകയും താരം അറസ്റ്റിലാവുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാര്യരുടെ ആരോപണത്തിനു പിന്നാലെയാണ് കേസിൽ വലിയ വഴിത്തിരിവുണ്ടാവുന്നത്. ഇതേ തുടർന്ന് ദിലീപിനെ സംരക്ഷിക്കുന്ന അമ്മ സംഘടനക്കെതിരെ ആഭ്യന്തര കലാപമുണ്ടായി. സിനിമക്കകത്തും പുറത്തും നടന്ന വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി രൂപവത്കരിക്കപ്പെടുന്നതും സ്ത്രീകളുടെ പ്രശ്നം പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നതുമെല്ലാം. സംഘടനയുണ്ടാക്കിയത് മുഖ്യധാര താരങ്ങളിൽ പലർക്കും അതൃപ്തിയുണ്ടാക്കുകയും കൂട്ടായ്മയിൽ പെട്ട വനിതകൾക്ക് പരോക്ഷമായി അവസരങ്ങൾ ഇല്ലാതാവുകയും ചെയ്തെങ്കിലും പിന്നോട്ടില്ലെന്നുറച്ച് പോരാടുകയായിരുന്നു അവർ.
ഇതിനിടെ ആക്രമിക്കപ്പെട്ട നടി നീതിക്ക് വേണ്ടിയുള്ള വലിയ നിയമപോരാട്ടം തുടരുകയായിരുന്നു. സുപ്രീംകോടതി വരെയെത്തിയ കേസിൽ ഇടക്കിടെ സാക്ഷികൾ കൂറുമാറിയതും മറ്റും തിരിച്ചടിയായെങ്കിലും ഇന്നും നീതിക്കുവേണ്ടിയുള്ള യാത്ര തുടരുകയാണ് ആ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.