കൊച്ചി: പഞ്ചവത്സര എൽഎൽ.ബി കോഴ്സിന് പ്രവേശനം ലഭിച്ച രണ്ട് ജീവപര്യന്തം തടവുകാർക്ക് ഓൺലൈനിലൂടെ പഠനം തുടരാൻ ഹൈകോടതിയുടെ അനുമതി. നിയമ പഠനം പൂർത്തിയാക്കാൻ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊലക്കേസിലടക്കം പ്രതികളായി ചീമേനി തുറന്ന ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പട്ടക്ക സുരേഷ് ബാബു, അഞ്ചു വർഷമായി കണ്ണൂർ ജയിലിൽ കഴിയുന്ന വി. വിനോയ് എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ശിക്ഷ മരവിപ്പിച്ച് മോചിപ്പിക്കാനുള്ള സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് ഓൺലൈൻ പഠനത്തിന് അനുമതി നൽകിയത്.
എൽഎൽ.ബി പ്രവേശന പരീക്ഷ വിജയിച്ച സുരേഷ് ബാബുവിന് കുറ്റിപ്പുറം കെ.എം.സി.ടിയിലും വിനോയിക്ക് എറണാകുളം പൂത്തോട്ട എസ്.എൻ ലോ കോളജിലുമാണ് പ്രവേശനം ലഭിച്ചത്. കോടതി നിർദേശപ്രകാരം ഇരുവരും പ്രവേശന നടപടികൾ പൂർത്തിയാക്കിയിരുന്നു. നവംബർ ആറിന് ക്ലാസ് തുടങ്ങാനിരിക്കെയായിരുന്നു ഹരജി. ഓൺലൈൻ എൽഎൽ.ബി കോഴ്സുകൾക്ക് നിരോധനമുള്ളതായി എം.ജി, കാലിക്കറ്റ് സർവകലാശാലകൾ അറിയിച്ചെങ്കിലും കോടതി ആവശ്യപ്പെട്ടാൽ ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കാമെന്ന് കോളജ് പ്രിൻസിപ്പൽമാർ വ്യക്തമാക്കി. അംഗീകൃത സർവകലാശാലയിൽനിന്ന് റെഗുലർ കോഴ്സ് പാസായവർക്ക് മാത്രമേ അഭിഭാഷകരായി എൻറോൾ ചെയ്യാനാവൂവെന്നായിരുന്നു ബാർ കൗൺസിൽ നിലപാട്.
സ്വാതന്ത്ര്യം ഒഴികെ ഒരു ഭരണഘടനാവകാശവും തടവുകാർക്ക് നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം തടവുകാരനും നിഷേധിക്കാനാവില്ല. അതേസമയം, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്നും അപ്പീൽ പരിഗണനയിലാണെങ്കിലും ഇരുവർക്കും കൊലപാതകത്തിൽ പങ്കുള്ളതായി വിചാരണക്കോടതി കണ്ടെത്തിയതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം അനുവദിച്ചില്ല. സമൂഹ താൽപര്യവും വ്യക്തിയെന്ന നിലയിലെ തടവുകാരന്റെ അവകാശങ്ങളും ഒരേ സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വിലയിരുത്തി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.