തിരുവനന്തപുരം: ഹൈക്കോടതി ബെഞ്ച് പുനസ്ഥാപിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം അടിയന്തിരമായി നടപ്പിലാക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് തലസ്ഥാനത്തെ വ്യവസായ, പൗര സംഘടനകൾ.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒന്നും ചെയ്യാത്തതിൽ കടുത്ത ആശങ്കയുണ്ടെന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ടി.സി.സി.ഐ) പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തലസ്‌ഥാനത്ത് ഹൈക്കോടതി ബെഞ്ചിന്റെ പുനസ്‌ഥാപനം എന്നത് പ്രകടനപത്രികകളിലെ വെറും ആചാരമായി മാറിയിരിക്കുന്നു എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയ പാർട്ടികൾ വിഷയം സൗകര്യപൂർവം മറക്കുകയാണ്. തലസ്ഥാനത്തെ ജനങ്ങളെ ഇനി കബളിപ്പിക്കാൻ കഴിയില്ല. പൊള്ളയായ വാഗ്ദാനങ്ങൾ തിരിച്ചറിയുന്ന ജനങ്ങൾ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഈ കാര്യത്തിനായി ഒരുമിച്ച് നിൽക്കും..
കേരള ഹൈക്കോടതിയിൽ നടക്കുന്ന ആയിരക്കണക്കിന് കേസുകളിൽ പകുതിയിലും സംസ്ഥാന സർക്കാർ കക്ഷിയാണെന്നിരിക്കെ, കുറച്ച് മിനിറ്റ് കോടതിയിൽ ഹാജരാകാൻ വേണ്ടി മാത്രം സർക്കാർ ഉദ്യോഗസ്‌ഥർ എറണാകുളത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാൻ തലസ്ഥാനത്ത് ബെഞ്ച് കൂടിയേതീരൂ എന്ന് ടി.സി.സി.ഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി) പറഞ്ഞു. ഈ യാത്രക്കായി ചെലവഴിക്കുന്ന പണവും സമയവും ജനങ്ങൾക്ക് വിവിധ സേവനങ്ങൾ എത്തിക്കാൻ വിനിയോഗിക്കണം.
തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന ആവശ്യം പുതിയതല്ല മറിച്ച് പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും 1882 മുതൽ 1956 വരെ തിരുവനന്തപുരത്ത് സമ്പൂർണ ഫയലിങ് അധികാരങ്ങളോടുകൂടിയ ഹൈക്കോടതി ബെഞ്ചുകൾ പ്രവർത്തിച്ചിരുന്നുവെന്നും ട്രിവാൻഡ്രം അജൻഡ ടാസ്‌ക് ഫോഴ്‌സ് (ടി.എ.ടി.എഫ്) സെക്രട്ടറി കെ ശ്രീകാന്ത് പറഞ്ഞു.
എല്ലാ തലങ്ങളിലുമുള്ള ജനപ്രതിനിധികൾ രാഷ്ട്രീയഭേദമന്യേ സംസ്ഥാന തലസ്ഥാന മേഖലയിൽ (എസ്.സി.ആർ) ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കണം എന്ന് എവേക്ക് ട്രിവാൻഡ്രം സെക്രട്ടറി ആർ. അനിൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.