കൊച്ചി: 2018ലെ പ്രളയം മുതൽ വയനാട് ഉരുൾപൊട്ടൽ അടക്കമുള്ള ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയതിന് കേരളം 132.62 കോടി നൽകണമെന്ന കേന്ദ്രസർക്കാർ ആവശ്യത്തിനെതിരെ ഹൈകോടതി. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നതെന്നും ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നല്‍കുന്നതെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഇതില്‍ കൃത്യമായ വിശദീകരണം നല്‍കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി വീണ്ടും പരിഗണിക്കും.
ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം നൽകിയ കത്തിൽ 132.62 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 13.65 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ജൂലൈ 30 മുതല്‍ ആഗസ്റ്റ് പകുതിവരെ വിവിധ സേനാ വിഭാഗങ്ങളെ ഉപയോഗിച്ച് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും എയര്‍ലിഫ്റ്റിങ് വഴിയുള്ള രക്ഷാപ്രവര്ത്തനത്തിനുമായാണ് 13.65 കോടി രൂപ ചെലവ് കണക്കാക്കുന്നത്. ഒന്നാംപ്രളയം മുതല്‍ വ്യോമസേന വിവിധ ഘട്ടങ്ങളില്‍ കേരളത്തിന് നല്കിയ രക്ഷാപ്രവര്‍ത്തനത്തിനാണ് മൊത്തം തുക കണക്കാക്കിയത്. ഈ ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ ഒരുമിച്ച് നല്‍കിയതെന്നും കോടതി ചോദിച്ചു.
വയനാട് ദുരന്തത്തില്‍ ചെലവായ തുക സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം അറിയിച്ചെങ്കിലും കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി ചോദിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവിട്ടു എന്നും ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ കണക്ക് കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍, ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വയനാട് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം തേടി സംസ്ഥാനം തുടര്‍ച്ചയായി കത്ത് നല്കുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് മുടക്കിയ തുക മടക്കി നല്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ദുരന്തശേഷമുള്ള പുനര്‍നിര്‍മാണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്റ് റിപ്പോര്‍ട്ട് (പി.ഡി.എന്‍.എ) കേരളം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1200 കോടിയുടെ പ്രാഥമിക സഹായം ആവശ്യപ്പെട്ട് ആഗസ്റ്റ് 17ന് സംസ്ഥാന സര്‍ക്കാര്‍ ആദ്യ നിവേദനം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.