കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപസ് ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ്.പിക്കും കോടതി നോട്ടിസ് നൽകി. ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹരജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.
മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിലാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് അശോകൻ ഹേബിയസ് കോർപസ് ഹരജി നൽകിയത്. ആഴ്ചകളോളമായി മകളുടെ ഫോൺ സ്വിച്ച് ഓഫാണെന്നും മലപ്പുറത്തെ ഓഫീസ് പൂട്ടിയ നിലയിലാണെന്നും ഹരജിയിൽ പറയുന്നു.
അതേസമയം, ഹാദിയ കഴിഞ്ഞ ദിവസം മീഡിയവൺ ചാനലിനോട് പ്രതികരിച്ചിരുന്നു. അച്ഛനെ സംഘ്പരിവാർ ആയുധമാക്കുകയാണെന്നാണ് ഹാദിയ പറഞ്ഞത്.
താനിപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്ത് കഴിയുകയാണെന്നും വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും ഹാദിയ അഭ്യർഥിക്കുന്നു. ‘ ഞാൻ സുരക്ഷിതയാണ്, അച്ഛനതറിയാം. അച്ഛനെ ഇപ്പോഴും സംഘ്പരിവാർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അതിന് നിന്നുകൊടുക്കുന്നെന്നത് സങ്കടകരമാണ്. അത് വ്യക്തിജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ട്. സുപ്രീംകോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുകയാണ് ചെയ്തത്.
ഷെഫിൻ ജഹാനെ വിവാഹം കഴിക്കുകയും പിന്നീട് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നിയ ഘട്ടത്തിൽ രണ്ടുപേരും തീരുമാനമെടുത്ത് വേർപിരിയുകയുമായിരുന്നു. വീണ്ടും വിവാഹിതയായി. അതിനെക്കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ട ആവശ്യമില്ല.
വേർപിരിയാനും പുനർവിവാഹം ചെയ്യാനും ഭരണഘടന അനുവദിക്കുന്നു. ഞാൻ ചെയ്യുമ്പോൾ മാത്രം എല്ലാവരും എന്തിനാണ് അസ്വസ്ഥരാകുന്നത്. ഞാൻ എവിടെയാണെന്ന് എല്ലാവർക്കുമറിയാം. ഹാദിയ എവിടെയാണെന്ന് അറിയില്ലെന്ന ഹേബിയസ് കോർപസ് ഹരജിയിൽ ഒരു വസ്തുതയുമില്ല. വിവാഹം എന്റെ തെരഞ്ഞെടുപ്പാണ്. അതിൽ വേറെ സംഘടനകളുണ്ടെന്ന് പറയുന്നതിൽ വസ്തുതയില്ല. എന്റെ സ്വകാര്യതയാണ് മാതാപിതാക്കളുടെയും മാധ്യമങ്ങളുടെയും ഇടപെടൽ കാരണം ഇല്ലാതാകുന്നതെന്നും ഹാദിയ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.