കൊച്ചി: പ്രണയിച്ച് വിവാഹിതരായ വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കിയ മാനേജ്മെൻറ് നടപടി ഹൈകോടതി റദ്ദാക്കി. കോളജ് അധികൃതർ ധാർമിക രക്ഷിതാവ് ചമയേണ്ടെന്ന നിർദേശത്തോടെയാണ് ഉത്തരവ്.പ്രേമിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിനെത്തുടർന്ന് പുറത്താക്കിയ വർക്കല ചാവർകോട് സി.എച്ച്.എം.എം കോളജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി.ബി.എ വിദ്യാർഥിനി മാളവികയും ഭർത്താവായ സീനിയർ വിദ്യാർഥി വൈശാഖും നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് വിധി. 2016 -17ൽ ബി.ബി.എക്ക് ചേർന്ന മാളവിക വൈശാഖുമായി പ്രണയത്തിലായി. വീട്ടുകാരുടെയും കോളജ് അധികൃതരുടെയും എതിർപ്പ് അവഗണിച്ച് ഒളിച്ചോടി വിവാഹിതരായി.
ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തി കോളജ് അധികൃതർ ഇവരെ പുറത്താക്കി. മാളവികക്ക് കോളജിൽ തുടർന്ന് പഠിക്കണം. പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ച വൈശാഖിന് വിദ്യാഭ്യാസ രേഖകൾ കോളജിൽനിന്ന് വിട്ടു കിട്ടണം. പ്രണയിച്ച് ഒളിച്ചോടി കല്യാണം കഴിച്ചത് അച്ചടക്കവിരുദ്ധമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഹരജിക്കാരുടെ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചു. മാളവികയുടെ ഹാജരിലുള്ള കുറവ് സർവകലാശാല വകവെച്ചുനൽകാനും വൈശാഖിെൻറ വിദ്യാഭ്യാസ രേഖകൾ തിരിച്ചുനൽകാനും വിധിയിൽ പറയുന്നു.
പ്രണയം മനുഷ്യസഹജമായ വികാരമാണ്. പ്രണയിച്ച് വിവാഹം കഴിക്കുന്നത് പെരുമാറ്റദൂഷ്യമായി കാണാനാവില്ല. കോളജിെൻറ ഭരണം നിയന്ത്രിക്കുന്നവരുടെ വ്യക്തിപരമായ ധാർമികമൂല്യങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപിക്കാനുള്ള ആയുധമായി അച്ചടക്കനടപടിയെ കാണാനാവില്ല. ചിലത് ധാർമികതക്ക് നിരക്കുന്നതല്ലെന്ന ചിലരുടെ നിലപാട് മറ്റ് ചിലർക്ക് യുക്തിക്ക് നിരക്കുന്നതാവില്ല. വിദ്യാഭ്യാസത്തിെൻറ നിലവാരവും ലക്ഷ്യവും ഉറപ്പാക്കാനുള്ള നടപടി മാനേജ്മെൻറിെൻറ അവകാശമാണ്. അതിെൻറ പേരിൽ ധാർമിക രക്ഷാകർതൃത്വം വഹിക്കാൻ കോളജിന് അവകാശമില്ല. പ്രണയവും ഒളിച്ചോട്ടവും ചിലർക്ക് ധാർമികച്യുതിയും അച്ചടക്കലംഘനവുമാകാം. നിയമത്തിൽ ഇത് വ്യക്തി സ്വാതന്ത്ര്യത്തിെൻറ ഭാഗമാണ്.
കോടതി ധാർമികമൂല്യങ്ങളെ വിലയിരുത്തുകയല്ല, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചാണ് പരിശോധിക്കുന്നത്. ജീവിതപങ്കാളിയെയും ജീവിതരീതിയും െതരഞ്ഞെടുക്കുന്നത് വ്യക്തികളുടെ വിവേചനപരമായ അധികാരമാണെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.