കോടതി രാഷ്ട്രീയം  കളിക്കാനുള്ളതല്ല; വിജിലന്‍സിന് വീണ്ടും ഹൈകോടതിയുടെ  രൂക്ഷവിമര്‍ശനം

കൊച്ചി: വിജിലന്‍സിന് വീണ്ടും ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. ബാര്‍ കോഴക്കേസില്‍ രണ്ട് നിലപാടെടുക്കുന്നതിനെയാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ച വാക്കാല്‍ വിമര്‍ശിച്ചത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുന$പരിശോധിക്കണമെന്ന് പറയാനുള്ള അധികാരം വിജിലന്‍സിന് നല്‍കിയിട്ടുണ്ടെങ്കില്‍ കേരളത്തിന്‍െറ പോക്ക് വിജിലന്‍സ്രാജിലേക്കായിരിക്കുമെന്ന് പറഞ്ഞ് തിങ്കളാഴ്ചയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേ സിംഗിള്‍ ബെഞ്ചാണ് ചൊവ്വാഴ്ചയും വിമര്‍ശനമുന്നയിച്ചത്.

വിജിലന്‍സിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് മാറ്റാനുള്ളതല്ല അന്വേഷണ ഏജന്‍സിയുടെ നിലപാടെന്നുമാണ് ബാര്‍ കോഴക്കേസിലെ ഹരജികള്‍ പരിഗണിക്കവെ കോടതി വിമര്‍ശിച്ചത്. ഇക്കാര്യത്തിലെ നിലപാടടക്കം വിശദീകരിച്ച് മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. 

ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയനായ മുന്‍ മന്ത്രി കെ.എം. മാണിയും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നോബിള്‍ മാത്യുവും നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. തുടരന്വേഷണം ആവശ്യമാണെന്നും സി.ബി.ഐക്ക് വിടുന്നതിനെ എതിര്‍ക്കുന്നില്ളെന്നുമുള്ള നിലപാടാണ് ഇതില്‍ വിജിലന്‍സ് സ്വീകരിച്ചത്. എന്നാല്‍, തുടരന്വേഷണം ആവശ്യമില്ളെന്നും ഇത് കേസിനെ പൂര്‍ണമായും ബാധിക്കുമെന്നുമുള്ള നിലപാടാണ് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണം മാറിയെങ്കിലും കോടതിക്കുമുന്നില്‍ രണ്ട് നിലപാടറിയിക്കുന്നത് സര്‍ക്കാറിന്‍െറ ഭാഗമായ വിജിലന്‍സ്തന്നെയാണ്. സര്‍ക്കാറും ഉദ്യോഗസ്ഥരും മാറുന്നതിനനുസരിച്ച് ഒരേ വിഷയത്തില്‍തന്നെ നിലപാടുകള്‍ മാറുകയാണ്. കോടതിക്ക് മുന്നിലുള്ള വിഷയങ്ങളിലെ നിലപാടുകളെപോലും ഭരണമാറ്റം ബാധിക്കുന്നു. വിജിലന്‍സ് കോടതിയില്‍ ബാര്‍ കോഴക്കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുകയും അതേ കേസില്‍ തുടരന്വേഷണം വേണമെന്ന് ഹൈകോടതിയില്‍ നിലപാടറിയിക്കുകയും ചെയ്യുന്നു. ആര്‍ക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ചോദിച്ച സിംഗിള്‍ ബെഞ്ച്, കോടതികള്‍ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ളെന്ന് വ്യക്തമാക്കി. 

വിജിലന്‍സ് അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ളെന്ന് കണ്ടത്തെിയതാണെന്നും ഈ സാഹചര്യത്തില്‍ തനിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മാണി കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് വിടണമെന്നാണ് നോബിള്‍ മാത്യുവിന്‍െറ ആവശ്യം. തുടരന്വേഷണം ആവശ്യപ്പെടുന്ന നോബിള്‍ മാത്യുവിന്‍െറ ഹരജി ഹൈകോടതി നേരത്തേ തള്ളിയിരുന്നു.

ബാര്‍ കോഴക്കേസില്‍ മൂന്നാം തവണയും തുടരന്വേഷണം നടത്തേണ്ട സാഹചര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ ഹൈകോടതിയുടെ നിര്‍ദേശമില്ലാതെതന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസ് നടപടികളില്‍ സുകേശന് താല്‍പര്യമുണ്ടെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ നടപടി. ആദ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കട്ടെ. എന്നിട്ട് ഈ റിപ്പോര്‍ട്ടിന്‍െറ കാര്യം ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന്, മാണി നല്‍കിയ ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

Tags:    
News Summary - high court of kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.