കൊച്ചി: കൊച്ചിൻ റിഫൈനറി തൊഴിലാളികളുടെ മരവിപ്പിച്ച ക്ഷാമബത്ത മടക്കിനൽകണമെന്ന് ഹൈകോടതി. 2021 ജനുവരി ഒന്നുമുതലുള്ള ക്ഷാമബത്ത മരവിപ്പിച്ചത് ചോദ്യംചെയ്ത് കൊച്ചിൻ റിഫൈനറീസ് വർക്കേഴ്‌സ് അസോസിയേഷനടക്കം നൽകിയ അപ്പീലുകളിൽ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ഓഫിസർമാരുടെ ക്ഷാമബത്ത 2020 ഒക്ടോബർ മുതൽ മരവിപ്പിച്ച് ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസ് (ഡി.പി.ഇ) സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് തൊഴിലാളികൾക്കും ബാധകമാണെന്ന് തെറ്റായി വ്യാഖ്യാനിച്ചപ്പോൾ ക്ഷാമബത്ത മരവിപ്പിക്കൽ തൊഴിലാളികൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി 2021 ജനുവരി എട്ടിന് ഡി.പി.ഇ വീണ്ടും സർക്കുലർ ഇറക്കി. ഇത് നിലനിൽക്കെയാണ് കൊച്ചിൻ റിഫൈനറീസ് തൊഴിലാളികളുടെ ക്ഷാമബത്ത മരവിപ്പിച്ചതെന്നായിരുന്നു അപ്പീലുകളിലെ വാദം.
നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജിക്കാർ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും വിഷയം ലേബർ ട്രൈബ്യൂണലിന്റെ പരിഗണനക്ക് വിട്ടിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.