നടി ആക്രമണ കേസിലെ മെമ്മറി കാർഡ് സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് തേടി ഹൈകോടതി

കൊച്ചി: നടി ആക്രമണ കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച് പ്രിൻസിപ്പൽ ജില്ല ജഡ്ജി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈകോടതി. അന്വേഷണ റിപ്പോർട്ട് നേരത്തേ ഹൈകോടതിയുടെ പരിഗണനക്ക് വന്നെങ്കിലും സെഷൻസ് കോടതിയിലേക്ക് മടക്കി അയച്ചതിനാലാണ് വീണ്ടും ഹാജരാക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് രജിസ്ട്രിക്ക് നിർദേശം നൽകിയത്.

കോടതിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അനധികൃത പരിശോധന സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം വേണമെന്ന് നടിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ വാദിച്ചു. കാർഡിൽ കേടുപാടില്ലെങ്കിൽ ഹരജിക്കാരിയെ ബാധിക്കില്ലല്ലോയെന്ന് കോടതി ആരാഞ്ഞെങ്കിലും അനധികൃതമായി പരിശോധിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം അനിവാര്യമാണെന്നായിരുന്നു അഭിഭാഷകന്‍റെ വാദം.

മറുപടിവാദത്തിന് കേസിൽ കക്ഷിചേർന്ന നടൻ ദിലീപ് സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും ആഗസ്റ്റ് 21ലേക്ക് മാറ്റി. കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് ജില്ല പ്രിന്‍സിപ്പൽ ജഡ്ജി ഹണി എം. വർഗീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹരജിക്കാരി വീണ്ടും ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - High Court seeks report of Memory Card Sessions Judge in actress assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.