മൽസ്യഫെഡിലെ ക്രമക്കേട്: നഷ്ടമായത് 97.82 ലക്ഷം രൂപയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മൽസ്യഫെഡിലെ ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 97.82 ലക്ഷം രൂപയെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. 2020 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെ അന്തിപ്പച്ച ഫിഷ് യൂനിറ്റിൽ നിന്നും ആകെ 1,03,31,900.78 രൂപയും ശക്തികുളങ്ങര സി.പി.പി.സി.-യുടെ ഡെയിലി സെയിൽസിൽ നിന്നും 5,42,148.50 രൂപയും ഉൾപ്പടെ ആകെ 1.09 കോടി രുപ(1,09,31,900 രൂപ ) കുറവാണ് പരിശോധനയിൽ ആദ്യം കണ്ടെത്തിയത്.കുറവ് വന്ന ആകെ തുക 1,09,31,900 രൂപയിൽ നിന്നു സെയിൽസ് തുകയെക്കാൾ അധികമായി നാൾവഴിയിൽ വരവ് വച്ചിട്ടുള്ള 11,49,770 രൂപ കുറവ് ചെയ്തപ്പോഴാണ് 97,82,130 രൂപ ഈ ക്രമക്കേട് നടന്നതായി വ്യക്തമായത്.

സെയിൽസ് രജിസ്റ്ററും, നാൾവഴിയും തമ്മിൽ പരിശോധിച്ച് കൺകറന്റ് ആഡിറ്റേഴ്സ് ആണ് തട്ടിപ്പ് കണ്ടെത്തിയത്. സെയിൽസ് തുകകൾ പൂർണമായും നാൾവഴിയിൽ രേഖപ്പെടുത്തയിട്ടില്ല. ഉത്തരവാദികളെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരിൽ നിന്നും മത്സ്യഫെഡിനു നഷ്ടമായ തുക സഹകരണ നിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിച്ച് തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കൊല്ലം ശക്തികുളങ്ങര മത്സ്യഫെഡ് കോമൺ പ്രീ-പ്രോസസിങ് സെൻററിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തിയ സ്ഥിരം ജീവനക്കാരനായ ജൂനിയർ അസിസ്റ്റൻറ് കെ.അനിമോനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. താൽക്കാലിക ജീവനക്കാരനായ എം. മഹേഷിനെ സർവീസിൽ നിന്നും നീക്കം ചെയ്തു. ഈ ജീവനക്കാർക്കെതിരെ ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണത്തിന്റെ ഭാഗന്മായി നിലവിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുവെന്ന് മത്സ്യഫെഡ് റിപ്പോർട്ട് ചെയ്തു. മത്സ്യഫെഡ് നടത്തിയ അന്വേഷണത്തിൽ മത്സ്യഫെഡ് കോമൺ പ്രീ-പ്രോസസിങ് സെൻറർ മാനേജരെ സസ്പെൻഡ് ചെയ്തിരുന്നതായും, ഡെവലപ്പ്മെൻറ് ഓഫീസർ, പ്രോജക്ട് ഓഫീസർ എന്നീ തസ്‌തികയിലുള്ള കരാർ ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്തുവെന്നും ധനകാര്യ വിഭാഗത്തെ രേഖാമൂലം അറിയിച്ചു.

മത്സ്യഫെഡ് കോമൺ പ്രീ പ്രോസസിങ് സെൻററിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കാവനാട് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തി കേസ് ക്രൈംബ്രാഞ്ചിനും, തുടർന്ന് വിജിലൻസ് വിഭാഗത്തിനും കൈമാറി. വിജിലൻസ് അന്വേഷണം പുരോഗമിച്ചു വരുന്നതായും ധനകാര്യ പരിശോധന സംഘത്തെ അറിയിച്ചു. ഈ സാഹചര്യത്തിൽ നടന്നു വരുന്ന വിജിലൻസ് അന്വേഷണത്തിനു വിധേയമായി കുറ്റക്കാരെന്നു കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ മത്സ്യഫെഡ് കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.  

News Summary - Irregularity in Malcyafed: Rs 97.82 lakh lost, reports say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.