ഹൈറിച്ച് തട്ടിപ്പ്: ഒടുവിൽ ഇ.ഡി വലയിൽ കെ.ഡി; ചുരുളഴിയുന്നത് കോടികളുടെ ഇടപാട്

കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ചിന്റെ ഉടമ കെ.ഡി. പ്രതാപനെ എൻഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതോടെ ചുരുളഴിയുന്നത് സാധാരണക്കാരടക്കം ലക്ഷക്കണക്കിന് മനുഷ്യരെ വലയിലാക്കി നടത്തിയ കോടികളുടെ തട്ടിപ്പ്. ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് വിളിച്ചുവരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസമായി പ്രതാപനെയും ഭാര്യയെയും കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരുകയായിരുന്നു. കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി. പ്രതാപനെ വെള്ളിയാഴ്ച കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിനാണ് ഇ.ഡി ഒരുങ്ങുന്നത്.

കോടികളുടെ കള്ളപ്പണ ഇടപാട്; പണം വിദേശത്തേക്ക് കടത്തി

സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ചിന്‍റെ മറവിൽ നടന്നതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി പണം വിദേശത്തേക്ക് കടത്തിയെന്നാണ് പ്രതാപനെതിരായ കേസ്. തുടക്കത്തിൽ കേസ്​ അന്വേഷണം നടത്തിയത് പൊലീസായിരുന്നു.

ഇരുപതോളം സാമ്പത്തിക തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഹൈറിച്ച് ഉടമകൾക്കെതിരെയുണ്ടായിരുന്നത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയിലായിരുന്നു കേസുകൾ. കേസ് സി.ബി.ഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് കള്ളപ്പണ ഇടപാടുകളിലെ വിശദമായ പരിശോധനയിലേക്ക് എൻഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റ് കടന്നത്.

കെ.ഡി. പ്രതാപൻ സാമ്പത്തിക സ്ഥാപനങ്ങൾ വഴി നിക്ഷേപം സ്വീകരിച്ച് വലിയതോതിൽ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലടക്കം വിവിധയിടങ്ങളിൽ ഇ.ഡി റെയ്ഡുകൾ നടത്തിയിരുന്നു. പുണെയിലും ഝാർഖണ്ഡിലുമൊക്കെ സ്വത്തുക്കൾ കണ്ടെത്തി മരവിപ്പിച്ചിരുന്നു.

ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെ വൻതുക ഹൈറിച്ച് പ്രമോട്ടർമാർ സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അംഗത്വ ഫീസ് ഇനത്തിൽ മാത്രം പ്രതികൾ 1500 കോടി രൂപ ഇടപാടുകാരിൽനിന്ന്​ വാങ്ങിയെടുത്തെന്നും ഇതിൽനിന്ന്‌ 250 കോടി രൂപ പ്രമോട്ടർമാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നും ഇ.ഡി വിലയിരുത്തുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിൽ ഇടപാടുകാരെ സൃഷ്ടിച്ചായിരുന്നു ഹൈറിച്ച് പ്രവർത്തനം. പുതിയ ഇടപാടുകാരെ ചേർക്കുന്നവർക്ക് കമീഷൻ വാഗ്ദാനം ചെയ്തിരുന്നു. 

Tags:    
News Summary - high rich online shoppe scam kd prathapan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.