വിജിലൻസ് അധികാര പരിധി വിട്ടാൽ ഇടപെടേണ്ടിവരുമെന്ന് ഹൈകോടതി

കൊച്ചി: വിജിലൻസിനെതിരെ വീണ്ടും വിമർശനവുമായി ഹൈകോടതി. വിജിലൻസ് അധികാര പരിധി വിട്ടാൽ ഇടപെടേണ്ടിവരുമെന്ന് ഹൈകോടതി വാക്കാൽ മുന്നറിയിപ്പ് നൽകി. മുൻമന്ത്രി ഇ.പി.ജയരാജന്‍റെ ബന്ധു സുധീർ നമ്പ്യാർ നൽകിയ കേസ് പരിഗണിക്കവെ ജസ്റ്റിസ് പി. ഉബൈദാണ് ഈ നിരീക്ഷണം നടത്തിയത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുധീർ ഹൈകോടതിയെ സമീപിച്ചത്. കേസ് അന്വേഷണം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. 

മന്ത്രി തലത്തിലുള്ളവരും അധികാരത്തിലിരിക്കുന്നവരും എടുക്കുന്ന തീരുമാനങ്ങളിൽ പരിധി വിട്ട് വിജിലൻസ് ഇടപെടരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. മന്ത്രിയെന്ന നിലയിൽ പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ, നിയമനം വഴി ആർക്കെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ, നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷണത്തിൽ ഉൾപ്പെടുത്തണം എന്നും കോടതി നിർദേശിച്ചു.

വിജിലൻസ് അഴിമതി നടന്നിട്ടുണ്ടോ എന്ന് മാത്രം അന്വേഷിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു. സർവീസ്, സ്ഥാനക്കയറ്റം എന്നീ കാര്യങ്ങൾ വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ല. ഇക്കാര്യത്തിൽ വിജിലൻസിന് മുന്നിൽ കൃത്യമായ മാർഗരേഖയുണ്ട്. ഇതനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും ഹൈകോടതി വ്യക്തമാക്കി.

ഐ.പി.എസ് ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡിയെ മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയ കേസ് പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് വിജിലൻസ് രാജാണോ നടക്കുന്നതെന്ന് ഹൈകോടതി നേരത്തേ ചോദിച്ചിരുന്നു. 

മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യാ സഹോദരീ പുത്രനും പി.കെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് കേസ്. ഇതിൽ ഇ.പി.ജയരാജൻ 
ഒന്നാം പ്രതിയും സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്.  

Tags:    
News Summary - highcourt criticizes vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.