കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈകോടതി. വെള്ളാപ്പള്ളിക്കും മറ്റ് പ്രതികളായ യോഗം പ്രസിഡൻറ് എം.എന്‍. സോമന്‍, കെ.കെ. മഹേഷ്, ഡോ. ദിലീപ് എന്നിവര്‍ക്കുമെതിരായ കേസ് എസ്.പി റാങ്കില്‍ കുറയാത്ത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് സിംഗിള്ബെഞ്ചിെൻറ ഉത്തരവ്. അതേസമയം, പ്രതിപ്പട്ടികയിലുണ്ടായിരുന്ന കേരള പിന്നാക്ക വികസന കോര്‍പറേഷന്‍ മുൻ എം.ഡി നജീബിനെ കേസിൽനിന്ന് ഒഴിവാക്കി.
മൈക്രോ ഫിനാൻസ് ക്രമക്കേടിെൻറ പേരിൽ രജിസ്റ്റർ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും നജീബും നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. എസ്.എൻ.ഡി.പി യോഗത്തിന് മൈക്രോഫിനാന്‍സ് പദ്ധതി നടത്താൻ യോഗ്യതയില്ലെന്നും തുക അനുവദിച്ചതും വിതരണം ചെയ്തതുമടക്കമുള്ള ഇടപാടുകളിൽ ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.
വെള്ളാപ്പള്ളിയും നജീബും ഗൂഢാലോചന നടത്തിയെന്ന ബിജു രമേശിെൻറ മൊഴി മാത്രമാണ് വിജിലന്‍സിെൻറ കൈവശമുള്ളതെന്ന് കോടതി പറഞ്ഞു. നജീബും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത ബോര്‍ഡാണ് എസ്.എൻ.ഡി.പിക്ക് ഫണ്ട് അനുവദിച്ചത്. ഫണ്ട് വിനിയോഗത്തില്‍ നജീബിന് പങ്കില്ല. നജീബ് തിരുവനന്തപുരം നഗരസഭ സെക്രട്ടറി ആയിരുന്നപ്പോള്‍ ബിജു രമേശിെൻറ പിതാവിെൻറ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇത് ചിലപ്പോള്‍ വ്യക്തിവിരോധത്തിന് കാരണമായിട്ടുണ്ടാവാം. ഗൂഢാലോചന നടന്നതിന് വിശ്വാസയോഗ്യമായ തെളിവുകളില്ലെന്ന് പറഞ്ഞാണ് നജീബിനെതിരായ കേസ് കോടതി ഒഴിവാക്കിയത്.
എസ്.എൻ.ഡി.പിക്ക് എന്നപോലെ മറ്റേതെങ്കിലും സംഘടനകള്‍ക്ക് നല്‍കിയ പണം വകമാറ്റി ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കണം. കേരളത്തിനകത്ത് നടന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നടത്തേണ്ട അന്വേഷണത്തില്‍ വിജിലന്‍സിന് പുറത്തുള്ള ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമെങ്കിൽ തേടാം. അേന്വഷണം എട്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.