കൊച്ചി: ഹൈറിച്ച് കേസ് പ്രതികൾക്കായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കമ്പനി ഉടമകളായ കെ.ഡി. പ്രതാപൻ, ഭാര്യ ഷീന എന്നിവർക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മണിചെയിൻ തട്ടിപ്പിലൂടെ 1693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഇവർ സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് വ്യക്തമാക്കിയാണ് നടപടി.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത്, സമാനസ്വഭാവമുള്ള 19 കേസിൽക്കൂടി ഇവർ പ്രതികളാണെന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറും സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ. സന്തോഷും വിചാരണക്കോടതിയെയും അറിയിച്ചു. ഇതിൽ മൂന്നു കേസിൽ വിചാരണ പൂർത്തിയാക്കി ഇവരെ കോടതി ശിക്ഷിച്ചിട്ടുണ്ട്. 127 കോടിയുടെ നികുതി വെട്ടിച്ചതിന് ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒ.ടി.ടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്ന് വ്യാമോഹിപ്പിച്ചും പ്രതികൾ 1157 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.
അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടിയുടെ സ്വത്ത് മാത്രമാണ് ഇ.ഡിക്ക് മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കി തുക കണ്ടെത്തി കണ്ടുകെട്ടേണ്ടതിനാൽ ജാമ്യം അനുവദിക്കരുതെന്ന് ഇ.ഡി ആവശ്യപ്പെട്ടു. തട്ടിയെടുത്ത കോടികൾ ഹവാല വഴി പ്രതികൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ട്. ഇതിൽ 100 കോടിയുടെ പ്രാഥമിക വിവരം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇ.ഡി പറയുന്നു. വീടുകളിൽ റെയ്ഡിന് എത്തിയപ്പോൾ പ്രതികൾ സ്ഥലം വിടുകയായിരുന്നു. ഇതേതുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.