ഹിജാബ് കേസ്: അന്തിമ വിധിയിൽ മൗലികാവകാശം സംരക്ഷിക്കുമെന്ന് പ്രതീക്ഷ -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഹിജാബ് കേസ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിലെ ഭിന്നവിധി മൂലം വിശാല ബെഞ്ചിലെത്തിയ സാഹചര്യത്തിൽ മൗലികാവകാശം സംരക്ഷിക്കുന്ന അന്തിമ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വിശാല ബെഞ്ചിന് കേസ് വിട്ട സാഹചര്യത്തിൽ ഹിജാബ് ധരിക്കുന്ന വിദ്യാർഥിനികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നിർദേശം സുപ്രീം കോടതിയിൽ നിന്നുണ്ടാകണം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് അത്തരമൊരു ഇടപെടൽ ഉണ്ടാകുമെന്ന് കരുതുന്നു. വസ്ത്ര സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നൽകിയ മൗലികാവകാശങ്ങളാണ്. അതുറപ്പു വരുത്തേണ്ട ഉത്തരവാദിത്വം സുപ്രീം കോടതിക്കുണ്ട്.

ഹിജാബ് അനിവാര്യ മതാചാരമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ട് അതത് മതസമൂഹങ്ങളും വിശ്വാസികളുമാണ്. ഇത് സംബന്ധിച്ച കർണാടക ഹൈക്കോടതി വിധി മൂലം ഹിജാബ് അനിവാര്യ മതാചാരമെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥിനികളുടെ പഠനം പാതി വഴിയിൽ മുടങ്ങിയതായി സ്ഥിതി വിവരക്കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

രാജ്യത്തെ വലിയൊരു വിഭാഗം വിദ്യാർഥിനികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഇല്ലാതാക്കുന്നതും മൗലികാവകാശം സംരക്ഷിക്കുന്നതുമായ വിധിയാണ് സുപ്രിംകോടതിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. നിർഭാഗ്യവശാൽ ഡിവിഷൻ ​ബെഞ്ചിൽ നിന്ന് വന്ന ഭിന്നവിധി മൂലം വിശാല ബെഞ്ചിലേക്ക് കേസ് എത്തുകയാണ്. രാജ്യത്തെ പരമോന്നത കോടതിയിൽ നിന്ന് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അന്തിമ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Hijab case: hope to protect fundamental rights in final judgment-welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.