കോഴിക്കോട്: ശിരോവസ്ത്ര നിരോധനവുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രസ്താവന ഭരണഘടനാവിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണെന്ന് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ). ഇസ്ലാമിക പ്രമാണങ്ങളെയും ചരിത്രങ്ങളെയും സ്വന്തം ഇഷ്ടപ്രകാരം വിശദീകരിച്ച് സ്വയം പണ്ഡിതനായി അവരോധിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും ജി.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
വസ്ത്രവുമായി ബന്ധപ്പെട്ട് രാജ്യത്തെ മറ്റെല്ലാ വിഭാഗങ്ങളും ആസ്വദിച്ചുകൊണ്ടിരിക്കുന്ന സ്വയംനിർണയാവകാശം മുസ്ലിം സ്ത്രീകൾക്ക് മാത്രം ഹനിക്കപ്പെടുന്നു എന്ന വസ്തുതക്കുനേരെ ഗവർണർ കണ്ണടക്കുകയാണ്. സ്വന്തം അവകാശങ്ങൾക്കുവേണ്ടി ശക്തമായി ശബ്ദിക്കുന്ന മുസ്ലിം പെൺകുട്ടികളെയും പോരാട്ടത്തെയും ബഹുമാനിക്കാതെയാണ് ഇത്തരം പ്രസ്താവനകൾ. ബി.ജെ.പി പ്രീണനമാണ് ഹിജാബ് വിഷയത്തിലും ഗവർണർ സ്വീകരിക്കുന്നത്.
നിഷ്പക്ഷമായി ഇരിക്കേണ്ട പദവിയിലിരുന്ന് ഗവർണർ ചെയ്യുന്നത് മൗലികാവകാശ ധ്വംസനത്തിന് കൂട്ടുനിൽക്കലും വർഗീയ വിഭജനത്തിന് വെള്ളം ഒഴിച്ചുകൊടുക്കലുമാണ്. യോഗത്തിൽ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, വൈസ് പ്രസിഡന്റ്മാരായ ആനിസ മുഹ് യിദ്ദീൻ, നസ്റിൻ പി. നസീർ, സെക്രട്ടറിമാരായ സമർ അലി, ആശിഖ ഷിറിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.