കണ്ണൂർ: മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ അവകാശവാദം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പരാമർശം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിൽകുമാർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ ആര് ഉറച്ച് നിന്നാലും പാർട്ടിയുടെ നിലപാടാണ് പറഞ്ഞതെന്നും അനിൽകുമാറിന്റെ പരാമർശം അനുചിതമാണെന്നും ഗോവിന്ദൻ തീർത്തുപറഞ്ഞു. ‘യുക്തിവാദി സമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ സംസാരിച്ചപ്പോൾ അതിൽ ഒരുഭാഗത്ത് മുസ്‍ലിം തട്ടധാരണവുമായി ബന്ധപ്പെട്ട് പറയുകയുണ്ടായി. മുമ്പ് ഹിജാബ് വിവാദം വന്നപ്പോൾ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമാണ്. അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ല. അത് കൊണ്ട് അനിൽകുമാറിന്റെ ആ പരാമർശം പാർട്ടി നിലപാടിൽനിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരുപരാമർശവും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതല്ല. അദ്ദേഹത്തിന്റെത് വലിയ ഒരു പ്രസംഗമാണ്. അത് എല്ലാം അനുചിതമാണെന്ന് പറയാനാവില്ല. (തട്ടത്തെക്കുറിച്ചുള്ള) ആ ഭാഗം മാത്രം അനുചിതമാണ്’ -എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള നാസ്തിക സംഘടനയായ എസ്സൻസ് ഗ്ലോബൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം. 'മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല’ എന്നായിരുന്നു പ്രാമർശം. എന്നാൽ, നാസ്തിക സമ്മേളനത്തിൽ താൻ അരമണിക്കൂർ പ്രസംഗിച്ചതിൽനിന്ന് അരവാചകം എടുത്ത് മുമ്പുള്ളതും ശേഷമുള്ളതും വെട്ടിമാറ്റി വിവാദം സൃഷ്ടിക്കുകയാണെന്നായിരുന്നു ഇതേക്കുറിച്ച് ചാനൽ ചർച്ചയിൽ അനിൽകുമാർ പ്രതികരിച്ചത്.
‘ഏതെങ്കിലും മതത്തിന്റെ ആചാരം മാറ്റാൻ നടക്കുന്ന പാർട്ടിയല്ല സി.പി.എം. ഒരുമതത്തിന്റെയും ആചാരം മാറ്റാൻ കമൂണിസ്റ്റ് പാർട്ടിക്ക് താൽപര്യവുമില്ല. സി.പി.എം നാട്ടിൽ ഉണ്ടാക്കിയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചോയ്സ് ഉണ്ട്. ആരും തട്ടമിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും ഒരാളുടെ അടുത്ത് തട്ടമിടാൻ ബലപ്രയോഗത്തിന്റെ ഭാഗമായിട്ടോ മറ്റുനിർബന്ധങ്ങളുടെ ഭാഗമായിട്ടോ വന്നാൽ, വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉണ്ടായ സ്വതന്ത്ര ചിന്തയുടെ ഭാഗമായി തട്ടം വേണമോ വേണ്ടയോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ഓപ്ഷൻ ഉണ്ട് എന്നാണ് പറഞ്ഞത്’ -മീഡിയവൺ ചർച്ചയിൽ സംസാരിക്കവെ അനിൽകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.