മലപ്പുറം : കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തെ മുൻനിർത്തി മുസ് സമുദായത്തെ പ്രതിചേർത്ത് വിദ്വേഷ പ്രചാരണം നടത്താൻ സംഘ് പരിവാർ സംഘടനകൾ, നേതാക്കൾ, മുഖ്യധാരാ - ഓൺലൈൻ മാധ്യമങ്ങൾ എന്നിവർക്ക് ധൈര്യം പകരുന്നത് സമാന വിഷയങ്ങളിൽ നിരന്തരം പരാതിപ്പെട്ടിട്ടും നിയമ നടപടികൾ സ്വീകരിക്കാത്ത ഭരണകൂട അനാസ്ഥയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു. മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ശക്തിയാർജിച്ചുവരുന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങളെ ഭീകരവത്കരിച്ചുകൊണ്ട് മുസ്ലിം സമുദായത്തെ വേട്ടയാടാൻ ശ്രമിച്ച വ്യക്തികളെയും സംഘടനകളെയും തുറന്നു കാട്ടുന്നതായിരുന്നു ഇന്നലത്തെ സംഭവം. സംഘ്പരിവാർ നിർമ്മിച്ചെടുത്ത തീവ്ര ദേശീയതയാണ് കളമശ്ശേരി സ്ഫോടനത്തിന്റെ പ്രതി. മുസ്ലിംകളെയും കേരള സർക്കാറിനേയും പ്രതിസ്ഥാനത്ത് നിർത്തി സംഘ്പരിവാർ തുടങ്ങിയ വലിയ വിദ്വേഷ കാമ്പയിനാണ് മാർട്ടിന്റെ കീഴടങ്ങലോടെ അവരെ തിരിഞ്ഞുകൊത്തിയത്. സ്ഫോടനത്തിന് പിന്നിൽ കാസയുടെ പങ്ക് കൂടി അന്വേഷണ വിധേയമാക്കണം.
വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയ കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ സെക്രട്ടറി അനിൽ ആന്റണി, സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാക്കളായ ആർ.വി. ബാബു, ശശികല വിദ്വേഷ പ്രചാരണങ്ങൾക്ക് കൂട്ടുനിന്ന മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങൾ, സംഘ്പരിവാർ അനുകൂല സംഘടനയായ കാസ, ഓൺലൈൻ ചാനലുകൾ തുടങ്ങി വ്യാജ പ്രചാരണം നടത്തി സാമുദായിക ധ്രുവീകരണം നടത്തിയ മുഴുവൻ ആളുകൾക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ കേരള സർക്കാർ തയാറാകേണ്ടതുണ്ട്. എല്ലാ വിശദ വിവരങ്ങളും അടങ്ങിയ പരാതി സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകും.
ദേശവ്യാപകമായി ഉയർന്നു വരുന്ന ഫലസ്തീൻ ഐക്യദാർഢ്യം സംഘ്പരിവാറിനെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കളമേശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് നടന്ന വിദ്വേഷ പ്രചാരണം. ഭീകര-വംശീയ ആശയങ്ങളായ സയണിസവും ഹിന്ദുത്വവും ഒരേ തൂവൽ പക്ഷികളാണെന്നും വംശീയ - വ്യാജ പ്രചാരണങ്ങളിലൂടെ ഇസ്ലാമോഫോബിയ വളർത്തി സാമുദായിക സൗഹാർദത്തെ തകർക്കുന്ന ഇവ രണ്ടിനെയും ഒരേ പോലെ തുറന്നെതിർക്കണമെന്ന സോളിഡാരിറ്റിയുടെ കാമ്പയിൻ സന്ദേശത്തെ എല്ലാവരും ഏറ്റെടുക്കേണ്ട ആവശ്യകതയിലേക്കാണ് കളമശേരി സ്ഫോടനവും വ്യാജ പ്രചാരണങ്ങളും വിരൽ ചൂണ്ടുന്നത്. സി.ടി.സുഹൈബ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ സോളിഡാരിറ്റി കേരള ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ല പ്രസിഡനറ് കെ.പി. അജ്മൽ, സെക്രട്ടറി സാബിക് വെട്ടം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.