കൊച്ചി: എച്ച്.ഐ.വി ബാധിച്ചെന്ന് സംശയമുണ്ടായിരുന്ന ഹരിപ്പാട് സ്വദേശി ബാലിക മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈകോടതി. മരിച്ച ബാലികയുടെ രക്തസാമ്പിളും ആശുപത്രി രേഖകളും സൂക്ഷിക്കണമെന്ന് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന് ഹൈകോടതി നിർദേശം നൽകി.
സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ബാലികയുടെ മാതാവ് നൽകിയ ഹരജിയിലാണ് കോടതി നടപടി. അധികൃതരുടെ അനാസ്ഥയാണ് കുട്ടിയെ എച്ച്.ഐ.വി രോഗിയാക്കിയതെന്നും ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്ന നടപടിയാണിതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രക്താർബുദം ബാധിച്ച കുട്ടിയെ ആർ.സി.സിയിൽ ചികിത്സക്ക് എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിൽ എച്ച്.ഐ.വി നെഗറ്റീവ് ആയിരുന്നു. രക്തം സ്വീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി പോസിറ്റീവ് എന്ന് കണ്ടെത്തിയത്. പിന്നീട് മറ്റിടങ്ങളിൽ നടത്തിയ പരിശോധനയിൽ എച്ച്.ഐ.വി പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആർ.സി.സിയിലെ ബ്ലഡ് ബാങ്കിൽ നിന്നാണ് ബാലികക്ക് രക്തം നൽകിയിരുന്നത്.
14 മാസമായി അർബുദത്തിന് ചികിത്സയിലായിരുന്നു 10 വയസുകാരി ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ആർ.സി.സിയിൽ നിന്ന് 2017 നവംബറിൽ ഡിസ്ചാർജ് ചെയ്തു. ഇടക്കിടെ രക്തം മാറ്റാൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്നിരുന്നു.
എന്നാൽ, ആരോപണം ആർ.സി.സി അധികൃതർ നിഷേധിച്ചു. ചെന്നൈയിലെ ലാബില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. വിശദ പരിശോധനക്ക് ഡൽഹിയിലെ ലാബില്‍ അയച്ചിരിക്കുകയാണ്. ഫലം കാത്തിരിക്കെയാണ് മരണം സംഭവിച്ചത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.