തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ പ്രകടനം അതിദയനീയമാണെന്ന് ആഭ്യന്തരവകുപ്പ് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പൊലീസിന് നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പ്രവർത്തനം കാര്യക്ഷമമല്ല.
പലരും സ്ഥാനം അലങ്കരിക്കുക മാത്രം ചെയ്യുകയാണ്. മേലുദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മ സേനയുടെ പൊതുവിലുള്ള പ്രവർത്തനത്തെ ബാധിക്കുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. പൊലീസിന്റെ പ്രവർത്തനങ്ങളുടെ നിരന്തരമായ വീഴ്ച സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൽ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തുമ്പോൾ ഈ റിപ്പോർട്ട് പരിശോധിക്കും. സി.പി.എം സമ്മേളനങ്ങളിലുൾപ്പെടെ പൊലീസിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. അത് ശരിെവക്കുന്ന നിലയിലാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തലും.
അടുത്തിടെ സംസ്ഥാനത്തുണ്ടായ വിവാദമായ പല കൊലപാതകങ്ങളിലും ലഹരിവേട്ടയിലും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാൻ വീഴ്ച സംഭവിച്ചു. കൊലപാതകം, ഗുണ്ടാആക്രമണം എന്നിവ മുമ്പെങ്ങുമില്ലാത്ത നിലയിൽ വർധിച്ചിട്ടും പൊലീസ് നിഷ്ക്രിയമാണ്. ഇത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പല സംഭവങ്ങളിലും പൊലീസിന്റെ ഇടപെടൽ ദുർബലമാണ്. അതാണ് ഗുണ്ടാസംഘങ്ങൾക്ക് അക്രമങ്ങൾ തുടരാൻ പ്രേരകമാകുന്നത്. അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പോലും അവഗണിക്കുകയാണ്. അതാണ് ആലപ്പുഴ ഉൾപ്പെടെ ഇടങ്ങളിലെ കൊലപാതകങ്ങൾക്ക് കാരണമായത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗുണ്ട, മാഫിയാസംഘങ്ങൾ പ്രവർത്തനം ശക്തമാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരിട്ട് പോയി കാര്യങ്ങൾ മനസ്സിലാക്കാതെ ഓഫിസില്‍ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയാണ് ഉത്തരവാദപ്പെട്ട പല ഉദ്യോഗസ്ഥരും ചെയ്യുന്നത്. ക്രിമിനൽ കേസുകളിലുൾപ്പെടെ പ്രതികളാകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ മാഫിയാ സംഘങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നതായും മോൻസൺ സംഭവമടക്കം ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.