കുന്നംകുളം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 68കാരനിൽനിന്നും ഹണിട്രാപ്പിലൂടെ താനൂര്‍ സ്വദേശി റാഷിദ(30)യും ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദും തട്ടിയെടുത്തത് 23 ലക്ഷം രൂപ. ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശിയായ 68കാരനെയാണ് വ്‌ളോഗർ ദമ്പതികളായ ഇവർ ഹണിട്രാപ്പില്‍ കുരുക്കി പണം കവർന്നത്.
റാഷിദയെയും നിഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ചെറിയ ഇരട്ടക്കുഞ്ഞുങ്ങൾ ഉള്ളതിനാൽ ഹാഷിദയെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് 68കാരനും യുവതിയും പരിചയപ്പെട്ടത്. തുടർന്ന് ഇയാളെ ആലുവയിലെ ഫ്‌ളാറ്റിലെത്തിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സഹായത്തോടെ ഇയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പണം പലതവണയായി കൈക്കലാക്കിയത്. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാൻ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. എന്നാല്‍, പണം നല്‍കിയിട്ടും ബ്ലാക്ക് മെയിലിങ് തുടര്‍ന്നതോടെ 68കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
മലപ്പുറം പുത്തനത്താണി കൽപ്പകഞ്ചേരി സ്വദേശിയായ 68 വയസുകാരനെയാണ് ദമ്പതികൾ കെണിയിൽപെടുത്തിയത്. ഭര്‍ത്താവ് ബന്ധം അറിഞ്ഞാലും പ്രശ്‌നമില്ലെന്നും എല്ലാ കാര്യത്തിലും സമ്മതമാണെന്നും റാഷിദ വ്യാപാരിയെ അറിയിച്ചിരുന്നു.
ട്രാവല്‍ വ്‌ളോഗറെന്ന് പരിചയപ്പെടുത്തിയ റാഷിദ ബന്ധം ശക്തിപ്പെടുത്താനായി ഇയാളെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വൃദ്ധൻ വീട്ടിലെത്തുന്ന സമയം നോക്കി നിഷാദ് പുറത്ത് പോകുമായിരുന്നുവത്രെ. ഇയാള്‍ക്ക് പൂര്‍ണമായും ദമ്പതികളെ വിശ്വാസമായ ഘട്ടത്തിലാണ് ആലുവയിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടം വാങ്ങി ഉള്‍പ്പെടെ ദമ്പതികള്‍ക്ക് പണം നല്‍കേണ്ടി വന്നതോടെയാണ് വ്യാപാരിയുടെ കുടുംബം സംഭവം അറിയുന്നത്.
ഭർത്താവ് നിഷാദിന് ബിസിനസ് ആവശ്യത്തിന് പൈസ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ആദ്യം പണം വാങ്ങിയതത്രെ. അതിനുശേഷമാണ് ഭീഷണി ആരംഭിച്ചത്. നഗ്നഫോട്ടോകൾ കൈവശമുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തുകയായിരുന്നു. ഇതിനിടെ പരാതിക്കാരന്റെ കൈവശമുള്ള പണത്തിൽ വീട്ടുകാർ വലിയ കുറവ് കണ്ടെത്തുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച വീട്ടുകാരോട് വൃദ്ധൻ സഭവം തുറന്നുപറയുകയും പിന്നാലെ കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കുന്നംകുളത്തിനടുത്ത് അയ്യംപറമ്പിലെ വാടക വീട്ടിൽനിന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി പണം കവർന്ന ഫീനിക്‌സ് കപ്പിള്‍ എന്നറിയപ്പെടുന്ന ദമ്പതികളെ പൊലീസ് പിടികൂടിയിരുന്നു. കൊല്ലം സ്വദേശിനി ദേവുവും ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപുമാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ്, കോട്ടയം പാല സ്വദേശി ശരത് എന്നിവരും അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.