തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ ഉണ്ടായ വരൾച്ചയിൽ നഷ്ടം 500 കോടിയിലധികമെന്ന് വിലയിരുത്തൽ. 250 കോടിയുടെ ഉൽപാദന നഷ്ടം കൂടി കണക്കാക്കുമ്പോഴാണിത്. 23,569 ഹെക്ടർ കാര്‍ഷികമേഖലയിലാണ് നഷ്ടം. 56,947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ബാധിച്ചു. പലയിടത്തും നൂറു ശതമാനം കൃഷി നശിച്ചു. വരള്‍ച്ച വിലയിരുത്താന്‍ കൃഷി വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി ബ്ലോക്ക് അടിസ്ഥാനത്തില്‍ സന്ദര്‍ശിച്ചശേഷം തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പി. പ്രസാദിന് കൈമാറി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സഹായം തേടാനാണ് തീരുമാനം. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് കൃഷിനാശം കൂടുതൽ. ഏലം, നെല്ല്, കുരുമുളക്, വാഴ എന്നിവയാണ് കൂടുതല്‍ നശിച്ചത്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60,000ത്തോളം ചെറുകിട-നാമമാത്ര കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് വരള്‍ച്ചയെന്നാണ് വിലയിരുത്തല്‍. ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത 2800 ഹെക്ടർ വാഴകൃഷിയാണ് കരിഞ്ഞുപോയത്. 30 ശതമാനത്തിലധികം ഏലകൃഷി നശിച്ചു. കുരുമുളക്, കാപ്പി, പച്ചക്കറി, വാഴക്കുല തുടങ്ങിയവയിലും കനത്തനാശമുണ്ടായി.
വയനാട്ടില്‍ 419.5 ഹെക്ടറിലെ കുരുമുളകും 208 ഹെക്ടറിലെ കാപ്പിയും നശിച്ചു. 175 ഹെക്ടറിലെ വാഴകൃഷിയേയും ബാധിച്ചു. പാലക്കാട് ജില്ലയില്‍ വാഴ, കുരുമുളക്, തെങ്ങ്, കമുക്, കൊക്കോ, ജാതി, റബര്‍ എന്നിവയെ വരള്‍ച്ച കാര്യമായി ബാധിച്ചു. ജലക്ഷാമം മൂലം 100 ഹെക്ടറിലേറെ പ്രദേശത്ത് പച്ചക്കറി കൃഷി മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.