പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞ് വിദ്യാർഥി മരിച്ചു; മുത്ത​ച്ഛന്​ ഗുരുതര പരിക്ക്​

പെരുമ്പാവൂര്‍: ഇരുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തികള്‍ ഇടിഞ്ഞുവീണ്​ വിദ്യാര്‍ഥി മരിച്ചു. എം.സി റോഡിലെ കീഴില്ലം അമ്പലംപടിയില്‍ കാവില്‍തോട്ടം ഇല്ലം ഈശ്വരന്‍ നമ്പൂതിരിയുടെ മകനും വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ഹരിനാരായണനാണ് (13) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഈശ്വരന്‍ നമ്പൂതിരിയുടെ പിതാവ് നാരായണന്‍ നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിയശേഷമാണ് ഹരിനാരായണന്‍ മരിച്ചത്.

വ്യാഴാഴ്ച രാവിലെ 6.45ന് ആയിരുന്നു സംഭവം. താഴത്തെ നിലയുടെ ഭിത്തികള്‍ പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഈശ്വരന്‍ നമ്പൂതിരിയും സഹോദരന്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയും വീടിന് പുറത്തായിരുന്നു. ഭാര്യ സിന്ധു, മറ്റ് മക്കളായ ദേവിക, പാര്‍വതി എന്നിവര്‍ മുകള്‍ നിലയിലുമായിരുന്നു. ഹരിനാരായണനും നാരായണന്‍ നമ്പൂതിരിയും മാത്രമായിരുന്നു താഴത്തെ നിലയില്‍. ക്ഷേത്രങ്ങളില്‍ പൂജ കര്‍മികളാണ് ഈശ്വരന്‍ നമ്പൂതിരിയും ഹരികൃഷ്ണന്‍ നമ്പൂതിരിയും. പുലര്‍ച്ച അഞ്ചിന് മുമ്പ് ഉറക്കമുണരുന്ന ഇവര്‍ വീടിന്റെ മുറ്റത്തുള്ള ഷെഡില്‍ പൂജ സാധനങ്ങള്‍ ഒരുക്കുകയാണ് പതിവ്. വ്യാഴാഴ്ച ഈ ജോലികള്‍ ചെയ്യുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞത്.

10 വര്‍ഷം മുമ്പാണ് പഴയ തറവാട് വളപ്പില്‍ പുതിയ വീട് പണിതത്. മുകള്‍ ഭാഗം തകര്‍ന്നിട്ടില്ല. ഭിത്തികള്‍ തകരാന്‍ കാരണം വ്യക്തമല്ല. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഒന്നര മണിക്കൂറോളം പ്രവര്‍ത്തിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടിന്റെ അവശേഷിച്ച ഭാഗം താങ്ങിനിര്‍ത്തിയ ശേഷമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷ സേനയോടൊപ്പം പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - house collapsed in perumbavoor; boy dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.