മുന്നാക്ക സംവരണത്തെ ഏത്​ നീതിയുടെ അളവുകോൽവെച്ച്​ ന്യായീകരിക്കും?

ദലിത്-പിന്നാക്കവിഭാഗങ്ങൾക്ക് സർക്കാർ എന്തെങ്കിലും അവകാശമോ ആനുകൂല്യമോ ലഭിക്കണമെങ്കിൽ ഉള്ള കടമ്പകൾ നുക്കറിയാം. എത്രയെത്ര അന്വേഷണ കമ്മീഷനുകൾ വർഷങ്ങളോളം പഠിച്ച്​ റിപ്പോർട്ട്​ സമർപ്പിച്ചാലാണ്​ അത്​ സാധ്യമാകുക. ഇങ്ങനെ അത്യധ്വാനംചെയ്​ത്​ തെളിവുകൾ സമർപ്പിച്ചാൽ പോലും ചുവപ്പുനാടയിൽ കുടുക്കിയിടാനാണ്​ ഉദ്യോഗസ്​ഥ, ഭരണകൂടവിഭാഗം പരിശ്രമിക്കാറുള്ളത്​. എന്നാൽ, സവർണ ഉദ്യോഗസ്ഥ കരുത്ത്​ ഇപ്പോൾ ജനസംഖ്യയുടെ 75-80 ശതമാനം വരുന്ന ജനവിഭാഗത്തെ സൈദ്ധാന്തികമായി നിശബ്ദമാക്കി സവർണ സംവരണം നടപ്പാക്കിയിരിക്കുന്നു.

സംവരണം സമ്പത്തിൻെറ അടിസ്ഥാനത്തിൽ ആകരുത് എന്ന തത്വവും 50 ശതമാനത്തിലധികരിക്കരുത് എന്ന തത്ത്വവും ഭരണഘടനാപരമായി ശരിയാണോ തെറ്റാണോ എന്ന് സുപ്രീം കോടതി തീരുമാനിക്കട്ടെ. എന്നാൽ, കേരളത്തിലെ സംസ്ഥാന സർക്കാർ / മുന്നണികൾ താഴെ പറയുന്ന കാര്യങ്ങളിൽ നിലപാട്​ വ്യക്​തമാക്കണം.

1. സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ കവർന്നെടുക്കില്ല എന്ന് പറഞ്ഞ സർക്കാർ എന്തുകൊണ്ടാണ് മുഴുവൻ സീറ്റുകളുടെയും 10% സംവരണത്തിനായി കണക്കിലെടുത്തത്?

2. എന്ത് പഠനത്തിൻറെ അടിസ്ഥാനത്തിൽ ആണ് 10% സംവരണം മുഴുവനായും സവർണ്ണ വിഭാഗത്തിന് ഇപ്പോൾ നൽകിയത്? പരമാവധി 10% എന്നല്ലേ ഭേദഗതി ? ദലിത്-പിന്നാക്കവിഭാഗങ്ങൾക്ക് എന്തെങ്കിലും നൽകണമെങ്കിൽ എത്രയെത്ര കമ്മീഷനുകളുടെ തെളിവുകൾ നിങ്ങൾ ചോദിക്കാറുണ്ട്?

3. കേന്ദ്രസർക്കാർ പുറത്തിറക്കിയ അനുബന്ധ ഉത്തരവിൽ നിന്ന് വിഭിന്നമായി സാമ്പത്തിക സ്ഥിതി സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിച്ച് കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്ന തരത്തിൽ എന്തുകൊണ്ട് ഭേദഗതികൾ വരുത്തി?

4. പഞ്ചായത്തിൽ രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയിൽ 75 സെൻറ്, കോർപ്പറേഷനിൽ 50 സെ​ൻറ്​ വരെ ഭൂമി ഉള്ളവരെയും പാവപ്പെട്ടവരുടെ ഗണത്തിൽ ഉൾപ്പെടുത്തി സവർണരിലെ തന്നെ യഥാർത്ഥ പാവപ്പെട്ടവരെയും വഞ്ചിച്ചത് എന്തിനുവേണ്ടി- എന്താണ് അതിന് മാനദണ്ഡം?

5. നിലവിൽ നടന്നു കഴിഞ്ഞ പ്ലസ് ടു അഡ്മിഷനിൽ പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളെക്കാൾ മാർക്ക് കുറവുള്ള മുന്നാക്ക വിദ്യാർഥികൾ പ്രവേശനം നേടിയതും പിന്നാക്ക വിഭാഗക്കാർക്ക് നിർദ്ദിഷ്ട സംവരണത്തിലെ തോത് ലഭിക്കാതിരുന്ന സാഹചര്യവും സർക്കാറിൻറെയും പൊതുപ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

6. പി.ജി കോഴ്സുകൾക്കും ഡിഗ്രി കോഴ്സുകൾക്കും ലത്തീൻ കത്തോലിക്കാ സംവരണം ഒരു ശതമാനമാണ്. എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ഇക്കാര്യത്തിൽ കുറവാണ്. തൊഴിലിന് സമാനമായ രീതിയിൽ നൽകണമെന്നാവശ്യപ്പെട്ടിട്ട് ഇതുവരെ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ മുന്നാക്ക വിഭാഗത്തിന് എല്ലാ കോഴ്സുകൾക്കും 10% സംവരണം മുഴുവനായും ആദ്യം തന്നെ നൽകിയത് ഏതു നീതിയുടെ അളവുകോൽവച്ച് അളക്കണം?

7. മുന്നാക്ക സംവരണം, in addition to the existing reservation എന്ന് പ്രത്യേകമായി ഭരണഘടനാഭേദഗതി ചെയ്തിരിക്കെ, റൊട്ടേഷൻ ക്രമത്തിൽ ആദ്യം സംവരണ വിഭാഗങ്ങൾക്ക് പ്രവേശനം ഉറപ്പാക്കാതെ, തൊഴിൽ നിയമനങ്ങളിൽ ഇപ്പോൾ പുറത്തിറക്കിയ മാതൃക റൊട്ടേഷൻ ചാർട്ടിൽ മു​ന്നാക്കക്കാരെ ആദ്യം മുതൽ തന്നെ ക്രമത്തിൽ ഉൾപ്പെടുത്തിയത് എങ്ങനെയാണ് നീതികരിക്കുന്നത്?

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്​ഥാന ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.