പട്ടികജാതി ഡയറക്ടറേറ്റിലെ അക്കൗണ്ടിൽ ഉറവിടം വ്യക്തമല്ലാത്ത 88.14 ലക്ഷം

തിരുവനന്തപുരം: ധനകാര്യ വിഭാഗം പട്ടികജാതി ഡയറക്ടറേറ്റിൽ നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 88.14 ലക്ഷം രൂപ ബാങ്ക്- ട്രഷറി അക്കൗണ്ടുകളിൽ കണ്ടെത്തി. പട്ടികജാതി വികസന വകുപ്പിലെ വിവിധ ഓഫീസുകളിലെ ബാങ്ക് /ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന തുകയുടെ വിവരങ്ങൾ പരിശോധിച്ച് സർക്കാരിലേക്ക് തിരിച്ചടക്കാവുന്ന തുകയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് സംഘത്തെ നിയോഗിച്ചത്. ധനകാര്യ വിഭാഗം ആദ്യം പട്ടികജാതി വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ അക്കൗണ്ടുകളുടെ വിശദാംശങ്ങളാണ് പരിശോധിച്ചത്.

വെള്ളയമ്പലം സബ് ട്രഷറിയിലെ അക്കൗണ്ടിലും ഉറവിടം വ്യക്തമല്ലാതെ 82,40.335 രൂപ കിടപ്പുണ്ട്. അതുപോലെ ബാങ്ക് അക്കൗണ്ടിൽ ഉറവിടം വ്യക്തമല്ലാത്ത നിലയിൽ 5,74,930 രൂപ നീക്കിയിരിപ്പും പരിശോധനയിൽ കണ്ടെത്തി. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 2019-20 മുതൽ ഗുണഭോക്താക്കൾക്ക് ട്രഷറിയിൽ നിന്നും നേരിട്ട് അക്കൗണ്ടിലേക്ക് തുക നൽകി വരുന്നതിനാൽ പട്ടികജാതി വികസന ഡയറക്ടർ കാര്യാലയത്തിലെ എസ്.ബി.ഐ ബാങ്കിലെ അക്കൗണ്ടുകളിൽ നീക്കിയിരുപ്പുള്ള 74,45, 154 രൂപ സർക്കാരിലേക്ക് തിരിച്ചടക്കണം എന്ന് റിപ്പോർട്ടിൽ നിർദേശിച്ചു.  ഈ അക്കൗണ്ടുകൾ ക്ലോസ് ചെയ്യണം. ഡയറക്ടറേറ്റിലെ ബാങ്ക് -ട്രഷറി അക്കൗണ്ടുകളിൽ ആകെയുള്ളത് 1.62 കോടി രൂപയാണ്. ഈ തുകയും സർക്കാരിലേക്ക് തിരിച്ചടച്ച് അക്കൗണ്ട് ക്ലോസ് ചെയ്യണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.

തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസറുടെ കാര്യാലത്തിൽ വിവിധ പദ്ധതികളിലായി വാട്ടർ അതോറിറ്റിയുടെ പക്കൽ നീക്കിയിരിപ്പ് 2,57,68,365 രൂപയാണ് കണ്ടെത്തിയത്. അത് സർക്കാരിലേക്ക് തിരികെ അടക്കണെന്ന് നിർദേശം നൽകി. പദ്ധതി പൂർത്തീകരണം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കാത്ത പ്രവർത്തികളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് നിർവഹണ ഏജൻസിയുടെ പക്കൽ തുക നീക്കിയിരിപ്പുണ്ടെങ്കിൽ അതും അടിയന്തരമായി സർക്കാരിലേക്ക് തിരികെ അടക്കാൻ നിർദേശം നൽകി.

കൊല്ലം ജില്ലയിൽ ബ്ലോക്ക് തലത്തിലുള്ള പട്ടികജാതി വികസന ഓഫീസുകൾ (11 എണ്ണം) എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൊല്ലം ജില്ലാ പട്ടികജാതി വികസന ഓഫീസിൻറെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഹൗസിങ് ഗ്രാന്റ്റ്, വിജ്ഞാനവാടി എന്നീ പദ്ധതികൾക്ക് അനുവദിച്ച തുകയുടെ പലിശ ഇനത്തിൽ 5,55,181 രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി നിഷ്ക്രിയമായികിടക്കുന്നു. ഈ തുക സർക്കാരിലേക്ക് അടിയന്തരമായി തിരിച്ച് അടക്കണം.

അതുപോലെ, വിവിധ ട്രഷറി അക്കൗണ്ടുകളിലായി 2,33,318 രൂപയും നിഷ്ക്രിയമായി ശേഷിക്കുന്നുവെന്ന് കണ്ടെത്തി. കൊല്ലത്തും അതോറിറ്റിയുടെ പക്കൽ നീക്കിയിരിപ്പ് 2,79,41, 165 രൂപയുണ്ട്. ഇതും സർക്കാരിലേക്ക് തിരിച്ചടക്കണെന്ന് നിർദേശം നൽകി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ജല അതോറിറ്റിയിൽ 5.12 കോടി രൂപ നിഷ്ക്രിയമായി കിടപ്പുണ്ടെന്നും പരിശോധനയിൽ വ്യക്തമായി. പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിച്ച പല പദ്ധതികളുടയും ഫണ്ട് സമയബന്ധിതമായി നടപ്പാക്കാത്തതാണ് തുക നിഷ്ക്രിയമായി കിടക്കുന്നതിന് കാരണം.

Tags:    
News Summary - 88.14 lakhs of unknown source in Scheduled Caste Directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.