ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചകൾക്കിടയിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എങ്ങനെ 'സ്ഥാനാർഥി'യായി? മത്സരിക്കാൻ അദ്ദേഹം ആഗ്രഹിച്ചോ? അതല്ല, മുല്ലപ്പള്ളിക്ക് ടിക്കറ്റ് കൊടുത്ത അദ്ദേഹത്തെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ആരെങ്കിലും ശ്രമിച്ചോ? സ്ഥാനാർഥി ചർച്ചകൾക്കൊപ്പം ഇക്കാര്യത്തെക്കുറിച്ച് കോൺഗ്രസിൽ അടക്കംപറച്ചിൽ.
എ.കെ. ആൻറണിയുടെ ആശിർവാദത്തോടെയും ഹൈകമാൻഡിെൻറ തീരുമാനപ്രകാരവുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ െക.പി.സി.സി അധ്യക്ഷനായത്. എന്നാൽ, അദ്ദേഹത്തിെൻറ ശൈലിയെക്കുറിച്ച് പലർക്കുമുണ്ട് പരാതി. കൂടിയാലോചന, തെരഞ്ഞെടുപ്പുകാര്യങ്ങൾക്ക് വേണ്ട 'വിഭവ' സമാഹരണം തുടങ്ങി പലകാര്യങ്ങളിലും മുല്ലപ്പള്ളി പരാജയമെന്നാണ് പരാതി. അതിനിടയിലാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെന്നപോലെ നിയമസഭ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ഉയർന്നുവന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി പലവട്ടം ആണയിട്ടിട്ടും അദ്ദേഹത്തിന് രക്ഷയുണ്ടായില്ല. ഇനിയൊരങ്കത്തിന് ബാല്യമുണ്ടെങ്കിലും ഇല്ലെങ്കിലും പല കാരണങ്ങളാൽ മുല്ലപ്പള്ളി മത്സരം ആഗ്രഹിക്കുന്നില്ല.
മത്സരിച്ച് ജയിച്ചാൽ മുഖ്യമന്ത്രിയാകണം. അങ്ങനെയെങ്കിൽ മത്സരിക്കാമെന്നാണ് ലൈനെങ്കിലും അതു നടപ്പാകില്ലെന്ന് ഉറപ്പ്. പിന്നെന്തിനു മത്സരിക്കണം? ഗ്രൂപ്പുകളികൾക്കിടയിൽ കാലുവാരലിനെക്കുറിച്ചും മുല്ലപ്പള്ളിക്ക് ഭയമുണ്ട്.
മുല്ലപ്പള്ളിയെ സ്ഥാനാർഥിയാക്കാൻ കൂടുതൽ മത്സരിക്കുന്നത് വർക്കിങ് പ്രസിഡൻറുമാരാണ്. വർക്കിങ് പ്രസിഡൻറ് അലങ്കാരക്കസേരയാണ്. ശരിക്കും 'വർക്കിങ്' പ്രസിഡൻറാകണമെങ്കിൽ കെ.പി.സി.സി പ്രസിഡൻറ് തന്നെയാകണം. അതിന് മുല്ലപ്പള്ളി നിയമസഭയിലേക്കെങ്കിലും മത്സരിക്കണം.
ഒരാൾക്ക് രണ്ടു പദവി പറ്റില്ലെന്നവാദം പിന്നാലെ വരുമെന്ന് മറ്റാരേക്കാൾ അറിയുന്ന മുല്ലപ്പള്ളി ചൊവ്വാഴ്ചയും ആവർത്തിച്ചു: കണ്ണൂരിലെന്നല്ല, ഒരിടത്തും താൻ സ്ഥാനാർഥിയല്ല. അക്കാര്യം ഹൈകമാൻഡിന് വ്യക്തമായി അറിയാം.
മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി തീർത്തുപറഞ്ഞതോടെ, അദ്ദേഹത്തിെൻറ സ്ഥാനാർഥിത്വം അടഞ്ഞ അധ്യായമാണെന്ന് വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ വിശദീകരിച്ചു. മുല്ലപ്പള്ളി സ്ഥാനാർഥിയാകാൻ സാധ്യത കുറവാണെന്ന് മറ്റൊരു വർക്കിങ് പ്രസിഡൻറായ കെ.വി. തോമസും അടിവരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.