കോഴിക്കോട്: സ്വതന്ത്ര ചിന്തകനെന്ന് അവകാശപ്പെടുന്ന യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ സംഘ്പരിവാർ അജണ്ടയാണ് നടപ്പാക്കുന്നതെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രസംഗം. സി. രവിചന്ദ്രൻ ബി.ജെ.പിയെയും അവരുടെ ഹിന്ദുത്വ നയങ്ങളെയും വിശദീകരിച്ചുകൊണ്ട് മുമ്പ് നടത്തിയ പ്രസംഗമാണ് നിരവധിയാളുകൾ പങ്കുവെച്ചത്. ബി.ജെ.പിയുടെ അടിസ്ഥാനം മാനവികതയും ഗാന്ധിസവുമാണെന്ന് രവിചന്ദ്രൻ വാദിക്കുന്നു. കഴിഞ്ഞ മേയിൽ കണ്ണൂരിൽ നടന്ന 'ക്യൂരിയസ് 22' എന്ന പരിപാടിയിലെ പ്രസംഗഭാഗമാണ് പ്രചരിക്കുന്നത്.
രവിചന്ദ്രന്‍റെ വാക്കുകൾ ഇങ്ങനെ -'2017ൽ ആർ.എസ്.എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് പറയുന്നു ഇന്ത്യയിൽ ജനിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന്. ഇതാണ് ആർ.എസ്.എസിന്‍റെ ഇപ്പോഴത്തെ നിലപാട്. മുസ്ലിമും ഹിന്ദുവാണ്, ക്രിസ്ത്യാനിയും ഹിന്ദുവാണ് എല്ലാവരും ഹിന്ദുവാണ്. കാര്യം, എല്ലാവരും ഇന്ത്യയിലാണ് ജനിച്ചത്. ഇന്ത്യയിൽ ജനിച്ചാൽ ഹിന്ദു. ഹിന്ദു എന്ന് പറഞ്ഞാൽ ഇന്ത്യൻ. മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന് പറഞ്ഞാൽ ഒരു ഹിന്ദു ഹിന്ദുവല്ലാതായിത്തീരും. അവൻ പിന്നെ ഹിന്ദുവല്ല. ആർ.എസ്.എസുകാർ ഇങ്ങനെയൊക്കെ പറയുമെന്ന് നിങ്ങൾക്ക് അറിയുമോ. ആർ.എസ്.എസ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന നിലപാട് കേരളത്തിലെ പത്രങ്ങളിൽ പോസിറ്റീവായിട്ട് വരില്ല. കാരണം കേരളത്തിലെ പൊളിറ്റിക്സിന്‍റെ മൊത്തത്തിലുള്ള ലാൻഡ്സ്കേപ്പ് വ്യത്യാസം ആയതുകൊണ്ട് ഇത്തരം പ്രസ്താവനകൾക്കൊന്നും ഇവിടെ വലിയ കൈയടിയുണ്ടാകില്ല. വളരെ ഉദാത്തമായ മാനവികബോധം, ബി.ജെ.പിയുടെ സാധനം അതാണ്. ഏതൊരു പാർട്ടിയിലും നല്ല ആശയങ്ങളുടെ വലിയ കൂമ്പാരമാണ് ഏറ്റവും വലിയ ആയുധം. ഹമാസിനെ എടുത്തു നോക്കിക്കഴിഞ്ഞാൽ അതിൽ നല്ല നല്ല കാര്യങ്ങൾ ഒക്കെ ഉണ്ടാകും. നാസി പാർട്ടിയിൽ ഉണ്ടാകും. ബി.ജെ.പിയുടെ അടിസ്ഥാന മദർബോർഡ് എന്ന് പറയുന്നത് ദീനദയാൽ ഉപാധ്യായ കണ്ടെത്തിയ സമഗ്രമായ മാനവികതയാണ്. അതിനകത്ത് എന്താണ് ഉള്ളതെന്ന് ചോദിച്ചാൽ, അതിനകത്തുള്ളത് ഗാന്ധിസമാണ്.
വിചാരധാരയുടെ പല ഭാഗങ്ങളും ഇനി നിലനിൽക്കില്ലെന്നാണ് ആർ.എസ്.എസ് പറയുന്നത്. മൊത്തത്തിൽ ഞാൻ പറഞ്ഞുവരുന്നത്, ഈ ഹിന്ദുത്വ എന്ന സംഗതിയും എക്സ്ക്ലുസീവ് പ്രിൻസിപ്പളുമെല്ലാം തന്നെ നല്ല രീതിയിലുള്ള പരിണാമത്തിന് വിധേയമായിട്ടാണ് ഇന്ന് ഇവിടെ നിൽക്കുന്നത്, അതാണ് ഇന്നത്തെ ആർ.എസ്.എസിന്‍റെ നിലപാട് എന്നുള്ളതാണ്.' -രവിചന്ദ്രൻ പറയുന്നു.
അതേസമയം, ഹിന്ദുത്വയെ കുറിച്ചുള്ള ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശരിയാണോയെന്ന് ചിലർ ചോദ്യമുന്നയിക്കുന്നുണ്ട്. പ്രസംഗത്തിൽ ഹിന്ദുത്വയെ തുറന്നുകാട്ടുന്നുണ്ടെന്നുമാണ് ഇത്തരക്കാരുടെ വാദം. എന്നാൽ, ഏകാത്മ മാനവവാദവും ഗാന്ധിസവും ബി.ജെ.പിയുടെ അടിസ്ഥാനമായി പറയുന്നതിനെ രവിചന്ദ്രൻ പ്രസംഗത്തിൽ എവിടെയും തിരുത്തിപ്പറയുന്നില്ലെന്നും ഹിന്ദുത്വയെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും മറുവിഭാഗം മറുപടി നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.