ശ​ശി​ക​ല​, രാ​ജ​ൻ

വീട്ടമ്മയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

തിരുവനന്തപുരം: വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. ചിറയിൻകീഴ് അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ വീട്ടിൽ ശാരദയുടെ മകൾ ശശികലയെ (46) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജൻ എന്ന ലാലു (52) വിനെയാണ് തിരുവനന്തപുരം ആറാം അഡീഷനൽ ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം അധികതടവും അനുഭവിക്കണം. പിഴത്തുക സർക്കാറിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 2018 ആഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. രാജൻ ശശികലയെ വീടിനകത്തെ മുറിയിൽ െവച്ച് കുത്തിക്കൊന്നുവെന്നാണ് കേസ്.

സംഭവദിവസം രാത്രി എട്ടുമണിയോടെ ശശികലയും ഭർത്താവ് രാജനും താമസിച്ചിരുന്ന വീട്ടിൽ നിന്ന് ശശികലയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിലിരിക്കുകയായിരുന്ന 15 വയസ്സായ മകൻ അഭിഷേക് രാജും 13 വയസ്സായ മകൾ ആരഭിയും ഓടി വീട്ടിലെത്തുമ്പോൾ പ്രതി കത്തി കൊണ്ട് ശശികലയുടെ അടിവയറ്റിലും മുതുകിലും കുത്തുന്നതാണ് കണ്ടത്.

തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശശികല മരണമടയുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ രാജനെ രാത്രി 12 മണിയോടെ ചിറയിൻകീഴ് പൊലീസ് പിടികൂടി.

കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2018 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. മക്കളായ അഭിഷേകും ആരഭിയുമായിരുന്നു കേസിലെ നിര്‍ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ കോടതിയില്‍ മൊഴി നല്‍കി.

രാജനെ അറസ്റ്റ് ചെയ്തപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ കണ്ട മനുഷ്യരക്തം ശശികലയുടേതാെണന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് കേസിൽ നിർണായക തെളിവായി. കേസിലെ ഒന്നും രണ്ടും സാക്ഷികളായ മക്കൾക്ക് ലീഗൽ സർവിസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. ദീപ വിശ്വനാഥ്, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരായി.

14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 16 രേഖകളും 15 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ചിറയിൻകീഴ് പൊലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ്, സജീഷ് എച്ച്.എൽ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Husband who killed housewife gets life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.