അജീഷിന്‍റെ മരണം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി; 'വന്യജീവി ആക്രമണം തടയാൻ സമഗ്ര പദ്ധതി വേണം'

കൽപറ്റ: മാനന്തവാടിയിൽ പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി വയനാട് എം.പി രാഹുൽ ഗാന്ധി. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ പറഞ്ഞു.

'വന്യജീവി ആക്രമണത്തിലൂടെ വയനാട്ടിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. കുടുംബത്തിന്‍റെ ഏക അത്താണിയാണ് കൊല്ലപ്പെട്ട അജി. വന്യജീവി ആക്രമണങ്ങൾ, പ്രത്യേകിച്ചും കാട്ടാന ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും വലിയ നാശമാണുണ്ടാക്കുന്നത്. വയനാട്ടിലെ അത്തരം ആക്രമണങ്ങൾ തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പ്രശ്നം പരിഹരിക്കാൻ സമഗ്രമായ ഒരു പദ്ധതിയില്ലാത്തത് മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷം വർധിപ്പിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എത്രയും വേഗം ഇടപെട്ട് ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നു' -രാഹുൽ പറഞ്ഞു.

അതേസമയം, മാനന്തവാടിയിലെ ആനയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് ഉത്തരവിട്ടിരിക്കുകയാണ്. എല്ലാ മാർഗനിർദേശങ്ങളും പാലിച്ച് ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവിലുള്ളത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായി വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

ഇന്ന് രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആന ആക്രമിക്കാൻ വന്നതോടെ അജീഷ് മതില്‍ ചാടി വീട്ടുമുറ്റത്തെത്തിയെങ്കിലും മതിൽ പൊളിച്ചെത്തിയ ആന ആക്രമിക്കുകയായിരുന്നു.

Tags:    
News Summary - I am shocked by the untimely demise of Panachiyil Aji -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.