മലപ്പുറം: ഉമ്മൻ ചാണ്ടിയെ പോലെ ഇത്രയും പരിശുദ്ധനായ രാഷ്ട്രീയ നേതാവിനെ തന്‍റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അദ്ദേഹം ധനകാര്യ മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും കൂടെ മന്ത്രിസഭയിൽ അംഗമായിരുന്നു. മുഴുവൻ സമയം കർമ്മ നിരതനായിരുന്ന അദ്ദേഹം മരണശേഷമാണ് വിശ്രമിച്ചിട്ടുണ്ടാവുക -ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം ഇ.ടി പ്രതികരിച്ചു.
കഷ്ടപ്പെടുന്നവരെ ഇത്രയധികം പരിഗണിച്ച, അവരോട് ദയ കാണിച്ച മറ്റൊരു ഭരണാധികാരി ഇദ്ദേഹത്തോളം വേറെയൊരാളെ കാണില്ല. ആർദ്രതയുടെ പര്യായമായിരുന്നു ഉമ്മൻ ചാണ്ടി. ഏത് വെല്ലുവിളികളെയും സൗമ്യമായി നേരിട്ട് ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച മനുഷ്യനാണ് അദ്ദേഹം. ഒരുപാട് നന്മ കേരളത്തിന് ചെയ്ത സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ നേതാവാണ്.
എന്നോട് ഏറെ സ്നേഹം കാണിച്ച അദ്ദേഹം അവസാനം വരെ വളരെ അടുത്ത വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ കൂടെ പ്രവർത്തിച്ച അദ്ദേഹം പുരോഗമനപരമായ എല്ലാ നിർദേശങ്ങൾക്കും കൂടെ നിന്ന് പിന്തുണച്ചു. കേരളത്തിലെ 38 ജൂനിയർ കോളജുകളും സീനിയർ കോളജുകളാക്കാൻ ഏറെ പിൻബലം നൽകിയത് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു. അദ്ദേഹത്തിന്‍റെ ഓർമകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു -ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.