ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി

തിരുവനന്തപുരം: ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്.

സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഇടുക്കി കലക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും.

പൊതുജനങ്ങളുടെ സുരക്ഷക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും. പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പൊലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

ഡാമിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ നിർദേശിച്ചിട്ടുണ്ട്. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താൽക്കാലിക ശുചിമുറി സംവിധാനങ്ങളും ഏർപ്പെടുത്തും.

Tags:    
News Summary - Idukki and Cheruthoni Dams allowed to visit the public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.